കോഴിക്കോട്:കിനാലൂരിലെ ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്‍റെ സ്ഥലത്ത് പഞ്ചായത്തിന്‍റെ അറിവോടെ അതിക്രമിച്ച് കടന്ന് അനധികൃത നിര്‍മ്മാണം നടത്തുന്നുവെന്ന ആക്ഷേപം തള്ളി കായിക മന്ത്രി വി അബ്ദുറഹ്മാൻ.പി ടി ഉഷയുടെ ആരോപണം പ്രാദേശിക വിഷയം മാത്രമാണ്.പഞ്ചായത്തുമായി ചർച്ച നടത്തി പരിഹരിക്കേണ്ട വിഷയം മാത്രമാണുള്ളത്. .ഇതൊന്നും ഡൽഹിയിൽ പോയി പറയേണ്ട വിഷയമല്ല.ആർക്കെതിരയും ആക്രമണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
കോഴിക്കോട് കിനാലൂരിലെ ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്‍റെ സ്ഥലത്ത് പഞ്ചായത്തിന്‍റെ അറിവോടെ അതിക്രമിച്ച് കടന്ന് അനധികൃത നിര്‍മ്മാണം നടത്തുന്നതായി ഐ ഓ എ പ്രസിഡന്‍റ് പിടി ഉഷ ഇന്നലെയാണ് ആരോപിച്ചത്. നേരത്തെ ഈ സ്ഥലത്ത് ചിലര്‍ അതിക്രമിച്ച് കടന്ന് ചെങ്കൊടി നാട്ടിയിരുന്നതായും ഉഷ ആരോപിച്ചു. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജലജീവന്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ള പൈപ്പിടല്‍ പ്രവൃത്തിയാണ് നടത്തിയതെന്ന് പനങ്ങാട് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. ഉഷാ സ്കൂള്‍ ഓഫ് അതല്റ്റിക്സിന് കെ എസ് ഐ ഡി സി വിട്ടു നല്‍കിയ കിനാലൂരിലെ 30 ഏക്കര്‍ ഭൂമിയില്‍ അനധികൃത നിര്‍മ്മാണം നടത്തുന്നതായാണ് പി ടി ഉഷയുടെ ആരോപണം. ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നിര്‍മ്മാണം നിര്‍ത്തി വെച്ചത്. ഇവിടെ നേരത്തെ ചുമന്ന കൊടി കെട്ടിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയതിനു ശേഷം അഴിച്ചു മാറ്റി.