ഉത്തർ പ്രദേശിലെ രാംപൂരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആളുകളെ ഭയപ്പെടുത്തിക്കൊണ്ട് രാത്രികളിൽ ആരോ കോളിംഗ് ബെൽ അടിക്കുകയായിരുന്നു. പാതിരാത്രികളിലായിരുന്നു മിക്കവാറും കോളിംഗ് ബെൽ ശബ്ദം ആളുകളെ ഉണർത്തിയിരുന്നത്. ഇതിന് പിന്നിൽ ആരാണ് എന്നോ എന്താണ് എന്നോ അറിയാതെ നാട്ടുകാരും അധികൃതരും എല്ലാം അമ്പരന്നിരിക്കുകയായിരുന്നു.
എന്നാൽ, ഇപ്പോൾ അതിന്റെ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് പൊലീസ്. മിലാക് ഗ്രാമത്തിൽ ആളുകളുടെ വീടിന്റെ മുന്നിൽ രാത്രിയിൽ നഗ്നയായി ഒരു സ്ത്രീ പ്രത്യക്ഷപ്പെടും. പിന്നീട് ഡോർബെൽ അടിച്ചതിന് ശേഷം അപ്രത്യക്ഷയാവും. ഇതായിരുന്നു നാട്ടുകാരുടെ പരാതി. സിസിടിവി ദൃശ്യങ്ങളിൽ നഗ്നയായ സ്ത്രീയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
അധികം വൈകാതെ തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോകളിൽ പലതും വൈറലാവുകയും ചെയ്തു. അധികം വൈകാതെ നാട്ടിലെ ഒരാൾ പൊലീസിൽ ഇത് സംബന്ധിച്ച് ഒരു പരാതി നൽകി. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച രാംപൂരിലെ പൊലീസ് ഉദ്യോഗസ്ഥർ അധികം വൈകാതെ തന്നെ ഈ നിഗൂഢത എന്താണ് എന്ന് കണ്ടെത്തി.
ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത് പ്രദേശത്തെ മാനസികാരോഗ്യ കുറവുള്ള ഒരു സ്ത്രീ ആയിരുന്നു. സ്ത്രീയുടെ കുടുംബത്തെ തങ്ങൾ ബന്ധപ്പെട്ടിരുന്നു എന്ന് പൊലീസ് പിന്നീട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷങ്ങളായി സ്ത്രീ ചികിത്സയിലാണ്. കുടുംബത്തോട് അവരെ ശ്രദ്ധിക്കണം എന്ന് പറഞ്ഞതായും പൊലീസ് പറഞ്ഞു.
അത് മാത്രമല്ല, മാതൃകാപരമായ മറ്റ് ചില നിർദ്ദേശങ്ങൾ കൂടി പൊലീസ് പുറപ്പെടുവിച്ചു. ഇക്കാര്യത്തിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത് എന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്. അതുപോലെ, ഇനി ഈ സ്ത്രീയെ ഇതുപോലെ കാണുകയാണ് എങ്കിൽ അവരെ വസ്ത്രങ്ങൾ ധരിപ്പിക്കണം എന്നും പൊലീസ് പറഞ്ഞു