ബംഗളൂരു: നഗരത്തിൽ ഡെലിവറി ബോയിയുടെ വേഷമണിഞ്ഞ് മയക്കുമരുന്ന് കച്ചവടം നടത്തിവന്ന മലയാളികളടക്കം മൂന്നു പേർ അറസ്റ്റിൽ. കെ.ആർ പുരം സീഗെഹള്ളിയിൽ താമസിക്കുന്ന പാലക്കാട് സ്വദേശി എ.എച്ച്. ഷാഹുൽ ഹമീദ് (32), അൾസൂരിൽ താമസിക്കുന്ന പാലക്കാട് സ്വദേശി എസ്. പ്രശാന്ത് (29), കെ.ആർ പുരം സീഗെഹള്ളിയിൽ താമസിക്കുന്ന മേഘാലയ സ്വദേശി ബൊർദോലി (19) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിൽനിന്ന് 219 എൽ.എസ്.ഡി സ്ട്രിപ്പുകളും 100 ഗ്രാം എം.ഡി.എം.എയും 15 ലഹരി ഗുളികകളും പിടിച്ചെടുത്തതായി സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് 30 ലക്ഷം രൂപ വരും. കേരളത്തിൽനിന്നുള്ള ഇടപാടുകാരനിൽനിന്നാണ് പ്രതികൾ മയക്കുമരുന്ന് ബംഗളൂരുവിലേക്ക് എത്തിച്ചതെന്നും പിന്നീട് ഇത് താമസസ്ഥലത്ത് സൂക്ഷിച്ച ശേഷം ആവശ്യക്കാർക്ക് വേഷംമാറി എത്തിച്ചു നൽകുകയായിരുന്നെന്നും സി.സി.ബി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.