തിരുവനന്തപുരം: ബിബിസി ഡോക്യുമെൻറി വിവാദത്തിൽ നിലപാടിലുറച്ച് അനിൽ ആൻറണി. തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരുന്ന ഒരു കാലം വരുമെന്ന് അനിൽ ആൻറണി തുറന്നടിച്ചു. വിഘടനവാദികളായ ഒരു മാധ്യമസ്ഥാപനത്തിന്റെ (ബിബിസി) കൂടെ നിന്ന്, ഇന്ത്യയുടെ താൽപര്യത്തിന് എതിരായി പ്രവർത്തിക്കുകയും, രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചവരുമാണിവർ. ഇന്ത്യൻ ജനതയോട് ഇന്നലെങ്കിൽ നാളെ ഇവർ മാപ്പ് പറയേണ്ടി വരുമെന്നും അനിൽ പറഞ്ഞു.
ബിബിസി വിഷയത്തിൽ തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നു, എന്നാൽ പിന്നിൽ പ്രവർത്തിച്ച വ്യക്തികളുടെ പേര് പറയുന്നില്ല. ഇന്ത്യയെ ദുർബലപ്പെടുത്താനാണ് ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ തന്നെ എതിർത്തവർ ശ്രമിച്ചത്. കേരളത്തിലുൾപ്പടെ ഉയർന്ന പ്രതികരണം ആസൂത്രിതമാണ്. രമേശ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും എതിർത്തവരാണ് തന്നെയും എതിർത്തതെന്നും അനിൽ ആരോപിച്ചു. ഇന്നത്തെ കോൺഗ്രസുമായി സഹകരിക്കാനാവില്ലെന്നും അനിൽ പറഞ്ഞു.
ബിജെപിയിൽ ചേരില്ലെന്ന് വ്യക്തമാക്കിയ അനിൽ, അത്തരം പ്രചാരണം പ്രചാരണം അസംബന്ധമാണെന്നും പറഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്. അത് കൊണ്ട് കോൺഗ്രസിൽ നിന്നും രാജിവെച്ചു. മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ചേരാൻ ഞാനില്ല. ഒരു രാഷ്ട്രീയത്തിലേക്കുമില്ല. പ്രധാനമന്ത്രിമാർ വരും പോകും. പക്ഷേ രാജ്യം ശാശ്വതമാണ്. രാജ്യതാൽപര്യത്തിന് മുകളിൽ മറ്റൊരു രാഷ്ട്രീയമില്ല. രാജ്യതാൽപ്പര്യമാണ് വലുത്. രാജ്യതാല്പര്യത്തിനായി പ്രധാനമന്ത്രി ഉൾപ്പടെ ആരുമായും നിൽക്കാൻ തയ്യാറാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേരളത്തിൽ ശശി തരൂരിനെ കോൺഗ്രസ് പരിഗണിക്കുന്നതിനോടും അനിൽ പ്രതികരിച്ചു. 2026 ൽ കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ ശശി തരൂരിന് അർഹതയുണ്ട്. അദ്ദേഹമതിന് യോഗ്യനുമാണ്. പക്ഷേ തരൂരിനോട് പാർട്ടി കാട്ടുന്ന നിലപാടിൽ താൻ നിരാശനാണ്. നേരത്തെ കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം പ്രഖ്യാപിച്ച വേളയിൽ ശശി തരൂരിന് താൻ പിന്തുണ പ്രഖ്യാപിച്ചതിൽ ചിലർക്കെല്ലാം അതൃപ്തിയുണ്ടായിട്ടുണ്ട്. അതും വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
തരൂരിനൊപ്പം 2019 മുതലാണ് താൻ പ്രവർത്തിച്ച് തുടങ്ങിയത്. അതിനും പത്ത് വർഷം മുമ്പ് മുതൽ തന്നെ എനിക്ക് അദ്ദേഹത്തെ പരിചയമുണ്ട്. ഞാനേറ്റവും ബഹുമാനിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. നരേന്ദ്രമോദിക്ക് ബദലായി കോൺഗ്രസിനെ സജീകരിക്കാൻ തരൂരിന് കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് കോൺഗ്രസിനെ നവീകരിക്കാൻ കഴിയുമായിരുന്നു. നിർഭാഗ്യവശാൽ അദ്ദേഹം വിജയിച്ചില്ല. എന്നിരുന്നാലും അദ്ദേഹമുണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണ്. കേരളത്തിലാണെങ്കിലും ഇന്ത്യയിലാണെങ്കിലും അദ്ദേഹം എല്ലാ പദവിക്കും അർഹനാണെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും അനിൽ പറഞ്ഞു.