കൂടത്തായി കൊലപാതക പരമ്പര കേസിലെ ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍. കാലപ്പഴക്കം കൊണ്ട് മരണകാരണത്തില്‍ വ്യക്തത കിട്ടണമെന്നില്ല. കേരളത്തിലെ ഫൊറൻസിക്ക് ലാബിൽ പരിശോധിച്ചപ്പോഴും നാല് മൃതദേഹങ്ങളിൽ നിന്ന് വിഷത്തിന്‍റെയോ സൈനൈഡിന്‍റെയോ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. കാലപ്പഴക്കം കൊണ്ട് സംഭവിക്കുന്നതാണത്. തുടര്‍ന്ന് നാല് പേരുടെയും മരണം സംബന്ധിച്ച് പരിശോധിക്കാൻ ഡോക്ടറുമാരുടെ പാനൽ തയ്യാറാക്കുകയും അവരുടെ റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നടത്തിയ പരിശോധ ഫലം കൂടുതൽ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ലാബിലേയ്ക്ക് അയച്ചതെന്നും കെ ജി സൈമൺ പറഞ്ഞു.
കൂടത്തായിയിലെ കൊലപാതകങ്ങൾ അടക്കം കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൊലക്കേസുകളുടെ ചുരുളഴിച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ജി.സൈമൺ പത്തനംതിട്ട ജില്ല പൊലീസ് മേധാവിയായാണ് വിരമിച്ചത്. 52 കൊലക്കേസുകളാണ് സൈമണിന്റെ അന്വേഷണ ബുദ്ധിയിൽ മറനീക്കി തെളിഞ്ഞത്. ഈരാറ്റുപേട്ടയിൽ തെരുവിൽ അലഞ്ഞ സ്ത്രീ കൊല്ലപ്പെട്ട കേസ്, കാസർകോട് ഒറ്റയ്ക്ക് താമസിച്ച സ്ത്രീയെ മൂന്നു പേർ ചേർന്നു കൊന്ന കേസ്, വണ്ടിപ്പെരിയാറിൽ അമ്മയെയും മകളെയും ലൈംഗിക അതിക്രമത്തിനു ശേഷം കൊലപ്പെടുത്തിയ കേസ് എന്നിവ ആ ഗണത്തിൽപ്പെടുന്നവയാണ്.
അബ്കാരിയായിരുന്ന മിഥില മോഹനെ കൊലപ്പെടുത്തിയ കേസ് കേരളത്തിൽ വാർത്താ പ്രാധാന്യം നേടിയതാണ്. കോട്ടയത്ത് പണം പലിശയ്ക്കു കൊടുത്തിരുന്ന മാത്യുവിന്റെ കൊലപാതകിയെ പിടിച്ചത് 8 വർഷങ്ങൾക്കു ശേഷം സൈമൺ അന്വേഷണം ഏറ്റെടുത്തതിനെത്തുടർന്നായിരുന്നു. കൂടത്തായി കേസിൽ ജോളിയെ പിടികൂടുന്നതോടെയാണ് സൈമൺ എന്ന പേര് മലയാളികളുടെ മനസ്സിൽ ഇടം നേടുന്നത്. ചങ്ങനാശേരിയിലെ മഹാദേവൻ എന്ന 13 വയസ്സുകാരന്റെ തിരോധാനം 18 വർഷത്തിനു ശേഷം അന്വേഷിച്ചു കണ്ടെത്തി.