തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും നികുതി കൊള്ളയ്ക്കും എതിരെ കേരളം സ്തംഭിപ്പിക്കുന്ന പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി അറിയിച്ചു. ഫെബ്രുവരി 7ന്( ചൊവ്വാഴ്ച)ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു.രാധാകൃഷ്ണന്‍ പറഞ്ഞു.
ജനത്തിന്റെ നടുവൊടിക്കുന്ന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുന്നത് വരെ അതിശക്തമായ സമരപരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു നികുതി വര്‍ധനവ് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരളം ഇതുവരെ കാണാത്തതിലും വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു. അതേസമയം, ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരുരൂപയാക്കി കുറക്കുന്നതിൽ അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയിൽ ധനമന്ത്രി പ്രഖ്യാപിച്ചേക്കും.
സാമ്പത്തിക പ്രതിസന്ധിയുടെ കാരണം ഉന്നയിച്ച് കേന്ദ്രത്തിനെതിരായ ശക്തമായ രാഷ്ട്രീയ സമരങ്ങൾക്ക് രൂപം നൽകാനും എൽഡിഎഫ് ആലോചിക്കുന്നുണ്ട്. നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഇന്ധന സെസിനെ പർവ്വതീകരിച്ചു കാണിക്കുന്നുവെന്നാണ് ധനമന്ത്രിയുടെ പരാതി. വേറെ വഴിയില്ലെന്ന് പറഞ്ഞ് ന്യായീകരിക്കുമ്പോഴും സെസ് കുറക്കാതെ പിടിച്ചുനിൽക്കാനാകില്ലെന്ന നിലയിലേക്കാണ് എൽഡിഎഫിലെ ചർച്ചകൾ പുരോഗമിക്കുന്നത്.
സെസ് രണ്ടുരൂപ കൂട്ടിയത് തന്നെ ഒരു രൂപ കുറക്കാനുള്ള തന്ത്രമാണെന്ന നിലയ്ക്കും അഭിപ്രായമുണ്ട്. നാളെയാണ് നിയമസഭയിൽ ബജറ്റ് ചർച്ച തുടങ്ങുന്നത്. മൂന്ന് ദിവസത്തെ ചർച്ചക്ക് ശേഷം ബുധനാഴ്ഛ മറുപടി പ്രസംഗത്തിൽ ധനമന്ത്രി സെസ് ഒരു രൂപയാക്കി കുറക്കുമെന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. ഇത് വഴി 350 കോടിയുടെ നഷ്ടമാണുണ്ടാകുക എന്നാണ് ധനവകുപ്പ് വിശദീകരണം.
ജനരോഷത്താൽ സെസിൽ പിന്നോട്ട് പോകുമ്പോഴും സമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിച്ചിൽ കുറവ് വരുന്ന പണം എങ്ങിനെ കണ്ടെത്തുമെന്ന പ്രശ്നം കൂടിയുണ്ട്. ഇനി പുതിയ നികുതിയൊന്നും ഒരു മേഖലയിലും ചുമത്താനുമില്ല. സെസിലെ പിന്നോട്ട് പോകലിനൊപ്പം സാമ്പത്തിക പ്രതിസന്ധി ഉയർത്തി കേന്ദ്രത്തിനെതിരായ കൂടുതൽ ശക്തമായ രാഷ്ട്രീയ സമരം നടത്താനും ഇടത് മുന്നണി ആലോചിക്കുന്നുണ്ട്.