തിരുവനന്തപുരം: ബജറ്റിലെ നടുവൊടിക്കുന്ന പ്രഖ്യാപനങ്ങൾക്കെതിരായ പ്രതിഷേധം കനക്കുന്നതിനിടെ നിയമസഭയിൽ ഇന്ന് ബജറ്റ് ചർച്ച തുടങ്ങും.നിയമസഭക്ക് അകത്തും പുറത്തും ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ പ്രതിഷധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ചോദ്യോത്തരവേള മുതൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്. ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് ഇന്ന് നിയമസഭയിലേക്ക് നടത്തുന്ന മാർച്ച് സംഘർഷത്തിൽ കലാശിക്കാനുള്ള സാധ്യതയുമുണ്ട്.
തുടർ സമരപരിപാടികൾ തീരുമാനിക്കാൻ രാവിലെ 11ന് നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിൻറെ മുറിയിൽ യുഡിഎഫ് യോഗം ചേരും. ജനരോഷം കണക്കിലെടുത്ത് പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാനാണ് സർക്കാർ നീക്കം. ബുധനാഴ്ച ബജറ്റ് ചർച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം. അതിനിടെ സാമൂഹ്യക്ഷേമ പെൻഷൻ 100 രൂപ കൂടി കൂട്ടിയും പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായവും എൽഡിഎഫിൽ ഉയരുന്നുണ്ട്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ധനവകുപ്പിന് ഇതിനോട് യോജിപ്പില്ല.