19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും (EU) ഉൾപ്പെടുന്ന ഫോറമാണ് G20 അഥവാ ഗ്രൂപ്പ് ഓഫ് ട്വന്‍റി എന്നറിയപ്പെടുന്നത്. അന്താരാഷ്ട്ര സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാന ലഘൂകരണം, സുസ്ഥിര വികസനം തുടങ്ങിയ ആഗോള സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി രൂപീകരിച്ച ജി 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയ്ക്ക് ഈ വര്‍ഷം അധ്യക്ഷത വഹിക്കുന്നത് ഇന്ത്യയാണ്. ഈ വര്‍ഷത്തെ ജി 20 ടൂറിസം മന്ത്രി തലയോഗത്തില്‍ ഇന്ത്യന്‍ ഗ്രാമീണ വിനോദ സഞ്ചാരത്തിനും പുരാവസ്തു വിനോദ സഞ്ചാരത്തിനും പ്രധാന്യം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഗുജറാത്തിലെ റാണ്‍ ഓഫ് കച്ചില്‍ നാളെ മുതല്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ജി 20 യുടെ ആദ്യ ടൂറിസം മന്ത്രിതല യോഗം നടക്കും.
റാണ്‍ ഓഫ് കച്ചില്‍ നടക്കുന്ന ചടങ്ങില്‍ മധ്യപ്രദേശിലെ ലാഡ്പുര ഖാസ് ഗ്രാമം , നാഗാലാൻഡിലെ ഖോനോമ ഗ്രാമം (Khonoma village), ധോലവീര (Dholavira) തുടങ്ങിയ പൈതൃക കേന്ദ്രങ്ങൾ ഗ്രാമീണ, പുരാവസ്തു ടൂറിസത്തിന്‍റെ വിജയഗാഥകളായി ഇന്ത്യ പ്രദർശിപ്പിക്കും. കൂട്ടായ്മയില്‍ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏറ്റവും വിജയകരവും നൂതനവുമായ സംരംഭങ്ങൾ ഇന്ത്യ ഉയർത്തിക്കാട്ടുമെന്ന് ടൂറിസം സെക്രട്ടറി അരവിന്ദ് സിങ് പറഞ്ഞു. യുഎൻഡബ്ല്യുടിഒയുടെ (UNWTO) ഏറ്റവും മികച്ച ഗ്രാമീണ ടൂറിസം വില്ലേജായി മധ്യപ്രദേശിലെ ലാഡ്പുര ഖാസ് ഗ്രാമം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലാഡ്പുര ഖാസ് ഗ്രാമത്തില്‍ സംസ്ഥാന സർക്കാർ ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ കീഴിൽ ഹോംസ്റ്റേകൾ നിര്‍മ്മിച്ചിട്ടുണ്ട്. ഓയോ ഹോട്ടലുകളും ട്രൈബൽ ഹോംസ്റ്റേകളും വികസിപ്പിച്ച പൂഞ്ച് പോലെയുള്ള ജമ്മു കശ്മീരിലെ കെവാദിയ, ഗുജറാത്തിലെ ചില ഗ്രാമങ്ങള്‍ എന്നിവയുടെ വിജയവും എടുത്ത് കാട്ടപ്പെടും.
അതോടൊപ്പം ഗ്രാമീണ ഹോംസ്‌റ്റേകളും കമ്മ്യൂണിറ്റി സ്‌പെയ്‌സുകളും ഉൾപ്പെടുന്ന കമ്മ്യൂണിറ്റി അധിഷ്‌ഠിത ആസ്‌ട്രോടൂറിസത്തിന്‍റെ (Astrotourism) നൂതന മാതൃകയും ഇന്ത്യ അവതരിപ്പിക്കും, ഇവ പൂർണമായും ഗ്രാമീണർ നടത്തുന്നതാണ്. സഞ്ചാരികൾക്ക് ഹിമാലയ സാംസ്‌കാരികതയ്ക്കൊപ്പം നക്ഷത്രനിരീക്ഷണത്തിന്‍റെ അനുഭവവും നേടാമെന്നതാണ് നേട്ടം. നാഗാലാൻഡിലെ ഖോനോമ വില്ലേജിൽ ഇക്കോടൂറിസത്തിന്‍റെ മാതൃകയും ജി 20 നേതാക്കളെ പരിചയപ്പെടുത്തും. ഗ്രാമീണ ടൂറിസത്തെ കമ്മ്യൂണിറ്റി ശാക്തീകരണത്തിന്‍റെയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്‍റെയും മാർഗമായി അവതരിപ്പിക്കുക എന്നതാണ് ആശയമെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.
ഹാരപ്പൻ നാഗരികതയുടെ ദക്ഷിണ കേന്ദ്രമായ ധോലവീരയിലേക്കാണ് ജി 20 പ്രതിനിധികളെ പ്രധാനമായും കൊണ്ട് പോവുക. ഇന്ത്യൻ പൈതൃകവും സംസ്‌കാരവും പ്രദർശിപ്പിക്കുന്നതിനായി വൺ ഡിസ്ട്രിക്ട് വൺ പ്രോഡക്‌ട് പദ്ധതി പ്രകാരം നിർമ്മിച്ച ഉപഹാരങ്ങൾ അതിഥികൾക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ വർഷം ജൂണിൽ നടക്കുന്ന ജി-20 ടൂറിസം മന്ത്രിതല യോഗത്തിന് ഗോവയാണ് വേദിയാവുക. ഈ സമയമാകുമ്പോഴേക്കും ഗൂറിസം രംഗത്തെ ഗോവ റോഡ് മാപ്പും ആക്ഷൻ പ്ലാനും തയ്യാറാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.