അഗർത്തല ∙ കമ്യുണിസ്റ്റുകൾ ത്രിപുരയ്ക്ക് അന്ധകാരമാണ് നൽകിയതെങ്കിൽ ബിജെപി നൽകിയത് അധികാരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷാ. ഫെബ്രുവരി 16 ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിലെ ശാന്തിർബസാറിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘സിപിഎം ഭരണത്തിൽ 400 പേരാണ് ത്രിപുരയിൽ കൊല്ലപ്പെട്ടത്. ത്രിപുരയിലാകെ അന്ന് ഹിംസ താണ്ഡവമാടുകയായിരുന്നു. വിനാശത്തിന്റെ സ്ഥാനത്ത് ബിജെപിയാണ് ത്രിപുരയിൽ വികസനമെത്തിച്ചത്. കമ്യൂണിസ്റ്റുകൾ എപ്പോഴും വിവാദങ്ങളാണുണ്ടാക്കിയതെങ്കിൽ ഞങ്ങൾ വികസനമാണ് നൽകിയത്. ത്രിപുരയിൽ കോൺഗ്രസിനോ, സിപിഎമ്മിനോ, പുതിയതായി രൂപീകരിക്കപ്പെട്ട തിപ്ര മോത പാർട്ടിക്കോ വോട്ടു നൽകിയാൽ ഫലത്തിൽ കമ്യൂണിസ്റ്റ് ഭരണം തന്നെയാകും മടങ്ങിവരിക.’’ – അമിത് ഷാ പറഞ്ഞു. ഗോത്രമേഖലയ്ക്ക് അധികാരം നൽകിയ ബിജെപിക്ക് വീണ്ടും അധികാരത്തിലെത്താൻ അവസരം നൽകണമെന്നും അമിത് ഷാ പറഞ്ഞു.
ത്രിപുര കോൺഗ്രസ് മുൻ അധ്യക്ഷനും ത്രിപുര രാജകുടുംബത്തിന്റെ നിലവിലെ തലവനുമായ പ്രദ്യോത് മാണിക്യ നേതൃത്വം നൽകുന്ന തിപ്ര മോത പാർട്ടിക്ക് കോൺഗ്രസുമായും സിപിഎമ്മുമായും ‘രഹസ്യധാരണ’യുണ്ടെന്നും പ്രസംഗത്തിനിടെ അമിത് ഷാ ആരോപിച്ചു. ത്രിപുരയിൽ പ്രാദേശികതലത്തിൽ പുതുതായി രൂപം കൊണ്ട തിപ്ര മോത 2021 ൽ ത്രിപുര ഓട്ടോണമസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ അധികാരം നേടിയിരുന്നു. ത്രിപുരയിൽ 60 അംഗ നിയമസഭയിലേക്കു തൊട്ടുമുൻപുള്ള തിരഞ്ഞെടുപ്പിൽ ബിജെപി 33 സീറ്റാണ് നേടിയിരുന്നത്. സിപിഎം (15), ഇൻഡിജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി 4), കോൺഗ്രസ് (1) എന്നിങ്ങനെയായിരുന്നു കക്ഷിനില. ഏഴ് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.