ന്യൂഡൽഹി∙ ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണമില്ലെന്ന് കേന്ദ്രസർക്കാർ. വിധിയില്‍ മാറ്റം വരുത്താന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വനി കുമാർ ചൗബെ ലോക്സഭയില്‍ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.എംപിമാരായ ഡീൻ കുര്യാക്കോസ്, കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ, എൻ.കെ.പ്രേമചന്ദ്രൻ എന്നിവരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംരക്ഷിത വനമേഖലകൾക്ക് ചുറ്റുമുള്ള ബഫർ സോണിൽ താമസിക്കുന്ന ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് കേന്ദ്രം നേരിട്ട് പഠനം നടത്തിയിട്ടില്ല. ഏതൊക്കെ മേഖലകൾ ബഫർ സോണിൽ ഉൾപ്പെടുത്തണമെന്ന് അറിയിക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ്. വിവിധ സംസ്ഥാന സർക്കാരുകളുടെ ശുപാർശകൾ ലഭിച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ച ശേഷമായിരിക്കും അന്തിമ വിജ്ഞാപനം പുറത്തിറക്കുകയെന്നും മന്ത്രി അറിയിച്ചു.