തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ ചികിത്സയ്ക്കായി ബെംഗലൂരുവിലേക്ക് മാറ്റുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. പാർട്ടി ആ കുടുംബത്തിന് പൂർണ പിന്തുണ നൽകുന്നു. ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് മാധ്യമങ്ങൾ അനാവശ്യ ചർച്ച നടത്തരുതെന്നാണ് അഭ്യർത്ഥന. ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പുത്രനും , ഉമ്മൻ ചാണ്ടിയും കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. താനിന്ന് ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം പ്രസന്നനായിരുന്നു. സഹോദരന്റെ പരാതിയെ കുറിച്ച് താൻ അഭിപ്രായം പറയുന്നില്ല. ആരോഗ്യ സ്ഥിതിയെ കുറിച്ച് ഡോക്ടറാണ് അഭിപ്രായം പറയേണ്ടതെന്നും ഹസൻ പറഞ്ഞു.
സംസ്ഥാന ബജറ്റിൽ 4000 കോടിയുടെ നികുതി ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചിട്ട്, വിലകയറ്റം നിയന്ത്രിക്കാൻ 2000 കോടിയാണ് ധനമന്ത്രി നൽകിയതെന്ന് ഹസൻ വിമർശിച്ചു. വൈരുദ്ധ്യാത്മക ഭൗതിക ധനമന്ത്രിയായ ബാലഗോപാലിന്റെ സിദ്ധാന്തം ജനങ്ങളുടെ നടുവൊടിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണിൽ ചോരയുളള സർക്കാരിന് കുടിവെള്ളത്തിന്റെ കരം കൂട്ടാൻ കഴിയില്ല. ഇതിനെതിരെ രാപ്പകൽ സമരം നടത്തും. നാളെ മുതൽ സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കളക്ടറേറ്റിന് മുന്നിലും സമരം ആരംഭിക്കും. നികുതി പിൻവലിച്ചില്ലെങ്കിൽ ജനരോഷത്തിന്റെ പേമാരി സംസ്ഥാനത്തുണ്ടാകും. അതിൽ എൽഡിഎഫ് ഒലിച്ചു പോകും. സംസ്ഥാനത്ത് ഇനി ഹർത്താൽ വേണ്ടെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രഖ്യാപനം ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുന്നു. ഞാൻ എത്ര നാളായി പാർട്ടിയിൽ ഇതിനായി പോരാടുന്നു? ഇപ്പോൾ അഭിപ്രായ സമന്വയം ഉണ്ടായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.