മുംബൈ: തങ്ങളുടെ സാമ്പത്തിക നില ഭദ്രമെന്ന് ഓഹരി നിക്ഷേപകരെ വിശ്വസിപ്പിക്കാൻ അദാനി ഗ്രൂപ്പിന്റെ നിർണായക നീക്കം. ഓഹരി ഈടാക്കി എടുത്ത വായ്പകൾ അദാനി ഗ്രൂപ്പ് അടച്ചുതീർക്കാനുള്ള സമയം ബാക്കിനിൽക്കേ തന്നെ തിരിച്ചടച്ചു. അടുത്ത വർഷം വരെ സാവകാശമുണ്ടെങ്കിലും വായ്പകൾ നേരത്തെ അടക്കാൻ തീരുമാനിക്കുകയായിരുന്നു. അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്‌മിഷൻ എന്നീ കമ്പനികൾക്കായി എടുത്ത വായ്പകളാണ് തിരിച്ചയ്ക്കുന്നത്. ഇതിനായി 9,100 കോടി രൂപയാണ് വകയിരുത്തിയത്. സാമ്പത്തിക നില ഭദ്രമെന്ന സന്ദേശം നൽകാൻ നീക്കത്തിലൂടെ കഴിയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ടുണ്ടാക്കിയ അഘാതത്തിൽ നിന്ന് അദാനിക്ക് ഇന്നും മോചനമില്ല. ഓഹരി വിപണിയിൽ നിന്ന് ഇതിനോടകം 10 ലക്ഷം കോടിയിലേറെ നഷ്ടമായി. ആ കണക്കിലേക്ക് ഇന്ന് എത്ര ചേർക്കണമെന്ന് മാത്രമാണ് ഇനി അറിയേണ്ടത്. ഓഹരികൾക്കൊപ്പം അദാനിയുടെ ബോണ്ടുകളും അന്താരാഷ്ട്ര മാർക്കറ്റിൽ വൻ വീഴ്ചയാണ് നേരിടുന്നത്.
എ സി സി, അംബുജാ സിമന്‍റ്സ് കമ്പനികളെ ഏറ്റെടുക്കാൻ 53,000 കോടി രൂപയാണ് കഴിഞ്ഞ വർഷം അദാനി വായ്പ എടുത്തിട്ടുള്ളത്. ഈ വായ്പ പുനക്രമീകരിക്കുന്നതിന് കരുതൽ ധന ശേഖരത്തിൽ നിന്ന് പണം ഗണ്യമായി ചെലവിടേണ്ട സാഹചര്യത്തിലേക്ക് കമ്പനി എത്തിയെന്നാണ് റിപ്പോർട്ടുകൾ. വിദേശ ബോണ്ടുകളിലൂടെ 41,000 കോടി രൂപ സമാഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് ഉപേക്ഷിക്കേണ്ടി വന്നു. സ്ഥിതി ഈ വിധമെങ്കിൽ അടുത്ത 12 മാസം കൊണ്ട് കമ്പനി ലക്ഷ്യമിടുന്ന വളർച്ച കൈവരിക്കാൻ ഇനി 2 വർഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് വിദഗ്ദർ പറയുന്നു. ഈ സമയം വലിയ ബാധ്യതയാവുന്ന പദ്ധതികൾ ഏറ്റെടുക്കുക ബുദ്ധിമുട്ടാവും.