ട്വിറ്റർ അതിന്റെ കണ്ടന്റ് ക്രിയേറ്റേഴ്സുമായി പരസ്യങ്ങളിൽ നിന്നുള്ള വരുമാനം പങ്കിട്ടേക്കുമെന്ന് എലോൺ മസ്ക് കഴിഞ്ഞ ദിവസം പറഞ്ഞു. ഉപയോക്താവ് ബ്ലൂ വെരിഫൈഡിന്റെ വരിക്കാരനായിരിക്കണമെന്ന നിബന്ധനയുണ്ട്. എന്നിരുന്നാലും, ഉപയോക്താക്കളുമായി പങ്കിടുന്ന വരുമാനത്തിന്റെ ഭാഗത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ മസ്‌ക് പുറത്തുവിട്ടിട്ടില്ല.
കണ്ടന്‍റ് മോണിറ്റ്യസ്ഷേന്‍ നിയമങ്ങളോടുള്ള മസ്‌കിന്റെ സമീപനത്തെക്കുറിച്ചുള്ള ആശങ്കകൾ നേരത്തെ ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് നിരവധി പരസ്യദാതാക്കൾ ട്വിറ്റർ വിട്ടു.കമ്പനിയുടെ ചുമതല ഏറ്റെടുത്ത് ദിവസങ്ങൾക്ക് ശേഷം, ട്വിറ്റർ വരുമാനത്തിൽ “വലിയ” ഇടിവ് കണ്ടതായി മസ്‌ക് പറഞ്ഞിരുന്നു.
പരസ്യദാതാക്കളെ സമ്മർദ്ദത്തിലാക്കിയതിന് ആക്ടിവിസ്റ്റ് ഗ്രൂപ്പുകളെയും അന്ന് കുറ്റപ്പെടുത്തിയിരുന്നു. ട്വിറ്റർ സിഇഒ എന്ന നിലയിൽ, മസ്‌ക് ചെലവ് കുറയ്ക്കുന്നതിലും ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിനായി പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
ഉപയോക്താക്കൾക്ക് പരസ്യരഹിത സബ്സ്ക്രിപ്ഷൻ സേവനം ലഭ്യമാക്കാനുള്ള പുതിയ പദ്ധതിയുമായി ഇലോൺ മസ്ക് നേരത്തെ രംഗത്തെത്തിയിരുന്നു. ഒക്ടോബറിലാണ് മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. നിലവിൽ ട്വിറ്റർ പരസ്യങ്ങൾ വളരെയധികം കൂടുതലാണ്. ഇത് പരിഹരിക്കാനുളള നടപടികൾ സ്വികരിക്കുമെന്ന് മസ്ക് നേരത്തെ അറിയിച്ചിട്ടുണ്ട്.
ഡിസംബർ പകുതിയോടെ പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ സേവനം ആരംഭിച്ചു കഴിഞ്ഞു. വരുമാനത്തിനായി പരസ്യങ്ങളെ ആശ്രയിച്ചിരുന്ന കമ്പനി ഇതോടു കൂടി വലിയ മാറ്റത്തിന് കൂടിയാണ് തുടക്കമിട്ടത്. 2021 അവസാനത്തോടെയാണ് കമ്പനിയുടെ 7,500 തൊഴിലാളികളിൽ പകുതിയോളം പേരെ മസ്ക് പിരിച്ചുവിട്ടത്.
ഇതോടെ പരസ്യം നൽകാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കമ്പനിക്ക് വേണ്ടത്ര സ്റ്റാഫുകൾ ഇല്ലാത്തത് പരസ്യങ്ങൾ നൽകുന്നതിനെ ബാധിക്കുമെന്ന ആശങ്ക പരസ്യദാതാക്കളെയും പിടികൂടിയിട്ടുണ്ട്. എന്നാൽ വരുമാനം വർധിപ്പിക്കുമ്പോൾ ചെലവ് കുറക്കുക എന്നതാണ് തന്റെ രീതിയെന്ന് മസ്‌കും വാദിച്ചു.
ആപ്പിളിന്റെ ഐ.ഒ.എസിലും, ഗൂഗിളിൻറെ ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ട്വിറ്റർ ബ്ലൂ എന്ന പുതിയ സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഈ സേവനത്തിന് അമേരിക്കയിൽ പ്രതിമാസം 11 ഡോളർ വീതം ചിലവാകും. ട്വിറ്റർ ബ്ലൂ നിലവിൽ അമേരിക്ക, കാനഡ, ബ്രിട്ടൻ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിൽ ലഭ്യമാണ്.