കോഴിക്കോട്: വടകരക്ക് സമീപം ഏറാമലയിൽ പോലീസുകാരന് കുത്തേറ്റു.ഇന്നലെ അർദ്ധ രാത്രിയാണ് സംഭവം. എ ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ അഖിലേഷിനാണ് കുത്തേറ്റത്. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിന് ഇടയിലാണ് അഖിലേഷിന് നേരെ ആക്രമണം ഉണ്ടായത്. ഉത്സവ പറമ്പിൽ ചീട്ടുകളി നടന്നിരുന്നു. ഈ സംഘത്തെ പിടികൂടാൻ അഖിലേഷ് അടക്കമുള്ള പോലീസ് സംഘം ശ്രമിച്ചു. ഈ ശ്രമത്തിനിടെ ചീട്ടുകളിൽ സംഘത്തിലെ ആൾ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. അഖിലേഷിന് തുടയ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് പൊലീസും ആശുപത്രി അധികൃതരും പറയുന്നത്. അഖിലേഷിനെ ആക്രമിച്ച ശേഷം പ്രതി ഇവിടെ നിന്നും കടന്നു. ഇയാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. പ്രതിക്കായി തെരച്ചിൽ തുടങ്ങിയെന്നും ചോമ്പാല പൊലീസ് അറിയിച്ചു.
തൃശ്ശൂരിലെ ചെന്ത്രാപ്പിന്നിയിലാണ് മറ്റൊരു അക്രമ സംഭവം നടന്നത്. ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറത്ത് തൈപ്പൂയ്യാഘോഷത്തിനിടെയാണ് സംഭവം. ചെന്ത്രാപ്പിന്നി എസ് എൻ വിദ്യാഭവന് സമീപം മുറ്റിച്ചൂർ വീട്ടിൽ അഖിൽ (32) നാണ് കുത്തേറ്റത്. ഇന്നലെ അർധരാത്രി 12.30 യോടെയാണ് ആക്രമണം നടന്നത്. അഖിലിന് തലയ്ക്കും വയറിനും കുത്തേറ്റു. ഇയാളുടെ പരിക്കുകൾ സാരമുള്ളതാണ്. ഉടൻ തന്നെ അഖിലിനെ തൃശ്ശൂരിലെ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. സംഭവത്തിൽ കയ്പമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.