ദില്ലി: ഭൂചലന പരമ്പരയുടെ നടുക്കം മാറാതെ തുർക്കിയും സിറിയയും. 2 ദിവസത്തിനിടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 4800 കടന്നു. മരണം എട്ട് മടങ്ങ് വരെ ഉയർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നുയരുന്ന രക്ഷതേടിയുള്ള നിലവിളികൾ ആരെയും നോവിക്കും. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകൾ പാറ പോലെ ഉറച്ച ഹൃദയങ്ങളെ വരെ കരയിക്കും. രാജ്യം കണ്ടതിൽ വച്ച് എറ്റവും വലിയ ഭൂകമ്പം തകർത്ത തുർക്കിയിലെങ്ങും നെഞ്ച് പൊള്ളുന്ന കാഴ്ചകളാണ്.
മരണസംഖ്യ എട്ട് മടങ്ങ് കൂടാൻ സാധ്യതയെന്നാണ് ലോകാരോഗ്യസംഘടന ആശങ്ക അറിയിക്കുന്നത്. കെട്ടിടങ്ങൾക്കുള്ളിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. മോശം കാലാവസ്ഥ രക്ഷപ്രവർത്തനത്തിന് തടസമാണ്. കനത്ത മഞ്ഞ് വീഴ്ചയും മഴയും തണുപ്പും രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നു. ഗതാഗത ടെലി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ തകർന്നതും പ്രതിസന്ധിയുണ്ടാക്കുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായം പ്രവഹിക്കുകയാണ്. തുടർ പ്രകമ്പന സാധ്യതയുള്ള മേഖലകൾ കണ്ടെത്താൻ മറ്റ് രാജ്യങ്ങളുടെ അടക്കം സാറ്റലൈറ്റ് നിരീക്ഷണ കൈമാറുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. അവശ്യ മരുന്നുകളും, എൻ ഡി ആർ എഫ് സംഘത്തെയും അയച്ച് ഇന്ത്യ ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഒരു ജീവനെങ്കിലും രക്ഷപ്പെടുത്താനാകുമെന്ന് പ്രത്യാശയോടെ ആയിരങ്ങൾ രാപകലില്ലാതെ ദുരന്തമുഖത്തുണ്ട്.