ന്യൂഡൽഹി: 2019ലെ ജാമിഅ സംഘർഷ കേസിൽ ജെ.എൻ.യു ഗവേഷകനും ആക്ടിവിസ്റ്റുമായ ശർജീൽ ഇമാമിനെ വെറുതെ വിട്ട ഡൽഹി സാകേത് കോടതിയുടെ ഉത്തരവിനെതിരെ അപ്പീലുമായി ഡൽഹി പൊലീസ്. ശർജീലിനെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഡൽഹി ഹൈകോടതിയെയാണ് പൊലീസ് സമീപിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ഡിസംബർ 13ന് ജാമിഅയിലുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെ മൂന്ന് ദിവസം നീണ്ട സംഘർഷം അരങ്ങേറിയിരുന്നു. ഈ സംഘർഷത്തിലേക്ക് വഴിവെച്ചത് 2019 ഡിസംബർ 13ന് ശർജീൽ ഇമാം നടത്തിയ പ്രസംഗമാണെന്നാണ് പൊലീസ് ആരോപണം.
പൗരത്വഭേദഗതിക്കെതിരെ ജാമിഅ നഗർ പ്രദേശത്ത് സമരം ചെയ്തവർ പൊതു-സ്വകാര്യ വാഹനങ്ങൾ കേടുവരുത്തിയെന്നും വാഹന ഗതാഗതം തടസ്സപ്പെടുത്തിയെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.