മരിച്ചുപോയ അമ്മയുടെ മൃതദേഹം ആരുമറിയാതെ ഫ്രീസറിനുള്ളിലാക്കി ഒളിപ്പിച്ച് രണ്ടു വർഷക്കാലത്തോളം വീട്ടിൽ സൂക്ഷിച്ച മകൾ പിടിയിൽ. ഈവാ ബ്രാച്ചർ എന്ന 69 -കാരിയായ സ്ത്രീയാണ് 96 വയസ്സ് ഉണ്ടായിരുന്ന തൻറെ അമ്മയുടെ മരണം എല്ലാവരിൽ നിന്നും മറച്ചുവയ്ക്കുകയും രണ്ടു വർഷക്കാലത്തോളം അവരുടെ മൃതദേഹം ആരും അറിയാതെ വീടിന് സമീപത്തായി ഫ്രീസറിൽ സൂക്ഷിക്കുകയും ചെയ്തത്. അമ്മയുടെ മരണം മറച്ചു വച്ചതിനും വ്യാജ തിരിച്ചറിയൽ കാർഡ് കൈവശം സൂക്ഷിച്ചതിനും പൊലീസ് ഇവർക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച ഇവരെ കോടതിയിൽ ഹാജരാക്കി. ചിക്കാഗോ സ്വദേശിയാണ് ഇവർ.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഈവാ താമസിച്ചിരുന്ന വീടിന് സമീപത്തായുള്ള ഗാരേജിൽ നിന്ന് ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ റെജീന മിചാൽസ്കി എന്ന ഇവരുടെ അമ്മയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. 2021 മാർച്ചിൽ ആയിരിക്കണം ഇവർ മരിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൃത്യമായി മരിച്ച കാലയളവും മരണകാരണവും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ കണ്ടെത്താനാകൂ.
എന്തുകൊണ്ടാണ് ഇവർ ഇത്തരത്തിൽ അമ്മയുടെ മരണം മറച്ചുവെച്ചത് എന്ന കാര്യം പൊലീസിന് വ്യക്തമല്ല. എന്നാൽ, മുൻപ് പലതവണ വ്യാജരേഖ ചമച്ചത് അടക്കമുള്ള കേസുകളിൽ പ്രതിയായിട്ടുള്ള ഇവര്‍ അമ്മയുടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനായി ആണോ ഇത്തരത്തിൽ ഒരു കാര്യം ചെയ്തത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
നിരവധി തവണ ശ്രമിച്ചിട്ടും തന്റെ മുത്തശ്ശിയുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ കെന്റക്കിൽ താമസിക്കുന്ന ഈവാ ബ്രാച്ചറുടെ മകളാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇതിനെ തുടർന്നാണ് പൊലീസ് ഈവയുടെ വീട്ടിൽ പരിശോധന നടത്തുകയും ഫ്രീസറിൽ സൂക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തത്.