തിരുവനന്തപുരം∙ ഒരു കുടുംബത്തിന് പ്രതിദിനം ശരാശരി 100 ലീറ്റര്‍ വെള്ളം മതിയെന്നു മന്ത്രി നിയമസഭയില്‍ പറഞ്ഞെന്ന ആരോപണത്തില്‍ സമൂഹമാധ്യമത്തിൽ പ്രതികരണവുമായി മന്ത്രി റോഷി അഗസ്റ്റിന്‍. ഒരാള്‍ക്ക് 100 ലീറ്റര്‍ എന്ന നിലയില്‍ അഞ്ചംഗ കുടുംബത്തിനു 500 ലീറ്റര്‍ വെള്ളം മതിയാകില്ലേ എന്നാണു താന്‍ ഉദ്ദേശിച്ചതെന്നു വിശദീകരിക്കുന്നു. നിയമസഭയില്‍ തന്റെ പ്രസംഗം പൂര്‍ണമായും കേട്ടാല്‍ ഇതു മനസിലാകും. എന്നാല്‍ ഒരു കുടുംബത്തിന് 100 ലീറ്റര്‍ വെള്ളം മതിയെന്ന തരത്തില്‍ വളച്ചൊടിക്കുന്നത് അപലപനീയമാണെന്നും മന്ത്രി കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഒരാള്‍ക്ക് 100 ലീറ്റര്‍ എന്നു കണക്കുകൂട്ടി ബിപിഎല്‍ കുടുംബത്തിനു മാസം 15,000 ലീറ്റര്‍ വെള്ളം സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നതു തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
കുറുപ്പിന്റെ പൂര്‍ണരൂപം:
കേരളത്തില്‍ ഒരു കുടുംബത്തിന്റെ ശരാശരി പ്രതിദിന ജല ഉപഭോഗം 500 ലീറ്റര്‍ എന്നാണ് കണക്കുകള്‍ പറയുന്നത്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഒരാള്‍ പ്രതിദിനം 55 ലീറ്റര്‍ ജലം ഉപയോഗിക്കുന്നു എന്നാണ്. കേരളത്തിൽ ഇത് 100 ലീറ്റര്‍ എന്നാണു നാം കണക്കുകൂട്ടുന്നത്. ഇതുപ്രകാരം അഞ്ചംഗ കുടുംബത്തില്‍ 500 ലീറ്റര്‍ എന്നു കണക്കുകൂട്ടുകയാണെങ്കില്‍ മാസം 15,000 ലീറ്റര്‍ ജല ഉപഭോഗം വരും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 15,000 ലീറ്റര്‍ വരെ സൗജന്യമായി നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യമാണ് സഭയില്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചത്. ഒരാള്‍ ദിവസം 100 ലീറ്റര്‍ വെള്ളം മാത്രം ഉപയോഗിച്ചാല്‍ മതിയെന്നു മന്ത്രി പരിഹസിക്കുന്നു എന്ന തരത്തിലുള്ള വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. ഇതു ഖേദകരമാണ്.