വള്ളിക്കുന്നം: ആലപ്പുഴ വള്ളികുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി പിടിയില്‍. വൈക്കം റ്റി വി പുരം സ്വദേശി സനുവിനെയാണ് വള്ളികുന്നം പൊലീസ് പിടികൂടിയത്. മാവേലിക്കര തഴക്കരയിലെ ക്ഷേത്രത്തിൽ പൂജാരിയാണ് സനു. കട്ടച്ചിറ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. ഇയാള്‍ക്കെതിരെ വേറെയും പരാതികളുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
ക്ഷേത്രങ്ങളിലെത്തുന്ന വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് വീടുകളില്‍ എത്തി ഇവരെ വശത്താക്കുന്നതായിരുന്നു ഇയാളുടെ രീതി. സമാനമായ കേസുകള്‍ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെയുണ്ട്. നവംബര്‍ മാസത്തില്‍ കാസര്‍കോട് ഹൊസബെട്ടുവിലെ മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ച് പൂജാരി മുങ്ങിയിരുന്നു.
തിരുവനന്തപുരം സ്വദേശി ദീപക് നമ്പൂതിരിയ്ക്കെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. തിരുവാഭരണത്തിന് പകരം മുക്കുപണ്ടം വിഗ്രഹത്തില്‍ ചാര്‍ത്തിയായിരുന്നു മോഷണമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ ആരോപിക്കുന്നത്. ആറ് പവന് തിരുവാഭരണമാണ് കാണാതായത്. ചുമതലയേറ്റ് മൂന്നാം ദിവസം പൂജാരി ഇതുമായി മുങ്ങിയതായാണ് പരാതി.
കൊല്ലം കടയ്ക്കലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി ഒക്ടോബര്‍ മാസം പിടിയിലായിരുന്നു. കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശി മണിലാലിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കലിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയായ മണിലാൽ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെയാണ് പീഡനത്തിന് ഇരയാക്കിയത്. സ്കൂളിൽ നിന്നും ഉച്ചയ്ക്ക് മടങ്ങിയ വിദ്യാര്‍ത്ഥിക്ക് വഴിയിൽ വച്ച് ഷവര്‍മ വാങ്ങി നൽകിയ ശേഷം പ്രതി താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ വച്ചായിരുന്നു പീഡനം. തിരികെ വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വച്ച് ആശുപത്രി അധികൃതർ നടത്തിയ കൗണ്‍സിലിങ്ങിലൂടെയാണ് പീഡന വിവരം പുറത്തറിയുന്നത്.