രാമേശ്വരം: ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമം. തമിഴ്നാട് രാമേശ്വരത്തിന് സമീപം തീരക്കടലിലാണ് സംഭവം. ഇന്ത്യൻ തീരത്തേക്ക് സ്വർണം കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡും റവന്യൂ ഇൻ്റലിജൻസ് വിഭാഗവും നടത്തിയ തെരച്ചിലിനിടെ സ്വർണക്കടത്തുകാരുടെ ബോട്ട് കണ്ടെത്തി. ഇവരെ കണ്ടതോടെ ബോട്ടുകാർ ദിശ മാറ്റി രക്ഷപ്പെടാൻ നോക്കി. കോസ്റ്റ് ഗാർഡും റവന്യൂ ഇൻ്റലിജൻസ് വിഭാഗവും ഇവരെ പിന്തുടർന്നതോടെ ബോട്ടിലുണ്ടായിരുന്ന സ്വർണമടങ്ങിയ പെട്ടികൾ സംഘം കടലിലേക്ക് തള്ളുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു.
രമേശ്വരത്തെ മണ്ഡപത്തിന് അടുത്ത തെക്കൻ കടൽ മേഖലയിലേക്കാണ് സംഘം സ്വർണം ഉപേക്ഷിച്ചത്. ഇവിടെ മുങ്ങൽ വിദഗ്ദ്ധരെ ഉപയോഗിച്ച് തെരച്ചിൽ നടക്കുകയാണ്. കഴിഞ്ഞ 2 മാസത്തിനിടെ മാത്രം കോടിക്കണക്കിന് രൂപയുടെ സ്വർണക്കട്ടികളാണ് ശ്രീലങ്കയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കടത്തുന്നതിനിടെ കേന്ദ്ര റവന്യൂ ഇന്റലിജൻസ് വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്നാണ് ഇന്നലെയും ഉദ്യോഗസ്ഥർ ഉൾക്കടലിൽ പരിശോധന നടത്തിയത് പിടിയിലായ രണ്ട് പേരും മണ്ഡപം, വേടലായി സ്വദേശികളാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവർ വലിച്ചെറിഞ്ഞ ബാഗിൽ 15 മുതൽ 20 കിലോഗ്രാം വരെ സ്വർണക്കട്ടികൾ ഉണ്ടായിരുന്നതായാണ് സൂചന. കടലിൽ പോയ സ്വർണ്ണക്കട്ടികൾ ഉദ്യോഗസ്ഥർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർ തിരച്ചിൽ തുടരുമ്പോൾ തന്നെ പാമ്പൻ, മണ്ഡപം പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും സ്വർണം തപ്പി കടലിൽ കറങ്ങുന്നുവെന്നാണ് റിപ്പോർട്ട്.