പാരീസ്: ലോകമെമ്പാടുമുള്ള മൂന്ന് കുട്ടികളിൽ ഒരാൾക്ക് സ്‌കൂളിൽ പഠിക്കുമ്പോൾ ശുദ്ധമായ കുടിവെള്ളം ലഭ്യമല്ല, ഇത് അവരുടെ ആരോഗ്യത്തെയും പഠിക്കാനുള്ള കഴിവിനെയും ബാധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ. ആഗോളതലത്തിൽ, മൂന്നിലൊന്ന് സ്കൂളിലും നിലവാരമുള്ള കുടിവെള്ളമില്ലെന്ന് യുഎൻ സാംസ്കാരിക ഏജൻസി യുനെസ്കോയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു.
ലോകമെമ്പാടുമുള്ള മൂന്നിലൊന്ന് സ്കൂളിലും അടിസ്ഥാന ശുചിത്വം പോലുമില്ല. പകുതിയിലേറെ സ്ഥലത്തും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകഴുകാനുള്ള സൗകര്യമില്ലെന്നാണ് കണ്ടെത്തെൽ. കോവിഡ്, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, വയറിളക്കം എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിൽ ശുദ്ധമായ കുടിവെള്ളവും കൈകഴുകുന്നതിനുള്ള സൗകര്യങ്ങളും പ്രധാനമാണെന്ന് റിപ്പോർട്ട് വിലയിരുത്തിയ പോഷകാഹാര വിദഗ്ധൻ എമിലി സിഡാനർ പറഞ്ഞു.
കുടിവെള്ളമില്ലാത്ത സ്കൂളുകൾക്ക് വിദ്യാർഥികൾക്ക് ഭക്ഷണം തയ്യാറാക്കാൻ കഴിയില്ല, ഇത് കുട്ടികളുടെ പോഷകാഹാരക്കുറവിന് കാരണമാകുന്നു. വെള്ളത്തിന്റെ അഭാവം കാരണം ആർത്തവ സമയത്ത് സ്കൂളിൽ പോകാൻ കഴിയാത്ത പെൺകുട്ടികൾ ഏറെയാണ്. ഇൗവേളയിൽ ഭൂട്ടാനിലെ നാലിലൊന്ന് പെൺകുട്ടികൾ സ്കൂളിൽ ഹാജരാകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.