ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റിലെ പ്രസംഗത്തിലൂടെ നിരവധി സത്യങ്ങൾ പുറത്ത് വന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ പ്രസംഗം പ്രധാനമന്ത്രിയെ ഞെട്ടിച്ചുവെന്നും അതിനാലാണ് തനിക്കതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തയാറായിട്ടില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
എന്റെ ഒരു ചോദ്യത്തിനും പ്രധാനമന്ത്രി മറുപടി നൽകിയില്ല. ഞാൻ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളൊന്നും അദ്ദേഹത്തോട് ചോദിച്ചില്ല. അദാനിയുമായി എത്ര തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് ചോദിച്ചത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ തനിക്ക് പൂർണ്ണ തൃപ്തിയില്ല.
പ്രസംഗത്തിൽ ഒരിടത്ത് പോലും അദാനിക്കെതിരായ അന്വേഷണത്തെ കുറിച്ച് പരാമർശമില്ല. പ്രതിരോധ മേഖലയിൽ ബിനാമി അക്കൗണ്ടുകളിലൂടേയും കടലാസ് കമ്പനികളിലൂടേയും വിനിമയം ചെയ്യപ്പെടുന്ന പണത്തെ കുറിച്ചും റിപ്പോർട്ട് മൗനം പാലിക്കുകയാണ്. ഇത് തെളിയിക്കുന്നത് അദാനിയെ മോദി സംരക്ഷിക്കുന്നുവെന്ന് തന്നെയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നേരത്തെ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. രാഹുലിന്റെ പേര് പരാമർശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. ചിലർ കുടുംബത്തെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ താൻ രാജ്യത്തെയാണ് രക്ഷിക്കുന്നതെന്നും 140 കോടി ജനങ്ങളാണ് തന്റെ രക്ഷാകവചമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.