തിരുവനന്തപുരം> ലോകവും രാജ്യവും നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തിരിച്ചറിയാതെ കാടു കാണാതെ മരം കാണുന്ന നിലയാണ് പ്രതിപക്ഷത്തിനെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും സ്വീകരിക്കുന്ന വ്യത്യസ്‌ത സാമ്പത്തിക ശൈലയിയെ കുറിച്ചെങ്കിലും പറയുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. ഇന്ധന സെസ് ഒരു രൂപ കുറയ്‌ക്കുമെന്ന് ചില പത്രങ്ങൾ എഴുതിയത് കണ്ട്, അങ്ങനെയുണ്ടായാൽ തങ്ങളുടെ കഴിവെന്ന് മേനിനടയ്‌ക്കാൻ സമരത്തിന് ഇറങ്ങി പുറപ്പെടുന്നതിലേക്ക് മാത്രം പ്രതിപക്ഷം ഒതുങ്ങിയെന്നും ബജറ്റ് ചർച്ചയ്‌ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
കേന്ദ്ര ബജറ്റിൽ സാധാരണക്കാർക്കുള്ള എല്ലാ ആനുകൂല്യവും വെട്ടിക്കുറച്ചു. തൊഴിലുറപ്പിനും ഭക്ഷ്യസുരക്ഷയ്‌ക്കുമുള്ള വിഹിതത്തിലും വലിയ വെട്ടിക്കുറവുണ്ടായി. വളം, പെട്രോൾ സബ്‌സിഡി വെട്ടിക്കുറിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനുള്ള 2.5 ലക്ഷം രൂപയുടെ ഇളവാണ് കോർപറേറ്റുകൾക്ക് നൽകിയത്. പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രം ഇറച്ചി വിലയ്‌ക്ക് വിൽപ്പനയ്‌ക്കു വച്ചത് വാങ്ങി സ്ഥാപനം നടത്തുക എന്ന സമീപനമാണ് കേരളം സ്വീകരിച്ചു. ഇത്തരത്തിൽ ഏറ്റെടുത്ത കെപിപിഎല്ലിൽനിന്നുള്ള പേപ്പറിൽ പത്രങ്ങൾ അച്ചടിച്ചിറങ്ങുന്നു. ഇതു കാണാൻ പ്രതിപക്ഷത്തിനു കഴിയുന്നില്ല.
ഗുജറാത്തിൽ വർഷം 968 നിയമനങ്ങൾ പിഎസ്‌സി വഴി നടക്കുമ്പോൾ കേരളത്തിൽ 33,396 ആണ്. ഒന്നാം പിണറായി സർക്കാർ 1.61 ലക്ഷം പേർക്കാണ് പിഎസ്‌സി വഴി നിയമിച്ചത്. 37,840 തസ്‌തിക സൃഷ്ടിച്ചു. ഈ സർക്കാർ ഇതുവരെ 37,340 നിയമനം നടത്തി. വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്‌ക്കെല്ലം ബജറ്റ് വിഹിതം വർധിപ്പിക്കുകയാണ് കേരളം ചെയ്‌തത്. ഭാവിയെ നോക്കുന്ന ബജറ്റാണ് എന്നാണ് ഈ ബജറ്റിനെകുറിച്ച് ഈ രംഗത്തെ പ്രഗൽഭർ പറഞ്ഞത്.
ഭാവിയിലെ ഏറ്റവും പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറും. ലക്ഷക്കണക്കിനു പേർക്ക് തൊഴിലവസരം ലഭിക്കും. സഹകരണ മേഖലയെ ഉപയോഗപ്പെടുത്തി വലിയ വികസനം കൊണ്ടുവരും. ക്ലിഫ് ഹൗസിൽ തൊഴുത്തുനിർമിക്കാൻ 42 ലക്ഷം ചെലവഴിച്ചെന്നത് പ്രതിപക്ഷത്തിന്റെ നുണപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ മറുപടിക്കു പിന്നാലെ ഇന്ധന സെസ് പിൻവലിക്കാത്തതിൽ പ്രതിഷേധിക്കുന്നതായി അറിയിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.