മുംബൈ: ഡിസംബര്‍ ഒന്നുമുതല്‍ തുടങ്ങിയ ഇ- രൂപ (റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി) പദ്ധതിയിൽ അഞ്ച് ബാങ്കുകൾ കൂടി പങ്കാളിയാകുമെന്നും പദ്ധതി ഒമ്പത് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും റിസർവ് ബാങ്ക്. നിലവിൽ ഇത് 50,000 ഉപയോക്താക്കൾക്കായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇതിൽ 5,000 വ്യാപാരികളാണ്.
ഡിസംബർ ഒന്നിന് ആരംഭിച്ച പൈലറ്റ് പ്രോജക്ട് അഞ്ച് നഗരങ്ങളിലാണ് നടപ്പാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക്, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് എന്നീ നാല് ബാങ്കുകളുമായാണ് ആദ്യ ഘട്ടം ആരംഭിച്ചത്.
ബാങ്ക് ഓഫ് ബറോഡ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ പിന്നീട് പദ്ധതിയിൽ ചേർന്നു. ഇ-രൂപയിലെ ഇടപാടുകളിൽ ചെലവ് കുറയുമെന്നാണ് കണക്കാക്കുന്നത്.