കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് പരിശോധനകളില്‍ പിടിച്ചെടുത്ത 1.15 ലക്ഷം മദ്യക്കുപ്പികള്‍ അധികൃതര്‍ നശിപ്പിച്ചു. രാജ്യത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍. പൊലീസും കസ്റ്റംസും ഉള്‍പ്പെടെയുള്ള സുരക്ഷാ വകുപ്പുകള്‍ പല സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്ത മദ്യശേഖരമായിരുന്നു ഇവ.
ബന്ധപ്പെട്ട കേസുകളില്‍ കോടതി വിധികള്‍ വരികയും നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്‍ത സാഹചര്യത്തിലാണ് മദ്യം നശിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കുവൈത്ത് പൊലീസിന് പുറമെ, മുനിസിപ്പാലിറ്റി, കസ്റ്റംസ്, ജനറല്‍ അഡ്‍മിനിസ്ട്രേഷന്‍ ഓഫ് ഡ്രഗ് കണ്‍ട്രോള്‍ തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്നായിരുന്നു ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്. പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്തു. പരിശോധനകളില്‍ പിടിച്ചെടുക്കുന്ന മദ്യം ഉപയോഗശൂന്യമാക്കി നശിപ്പിക്കണമെന്നാണ് കുവൈത്ത് സര്‍ക്കാറിന്റെ തീരുമാനം. ഇതനുസരിച്ചായിരുന്നു നടപടികള്‍.