ദില്ലി: രാജ്യത്ത് കഴിഞ്ഞ 12 വർഷത്തിനിടെ 16 ലക്ഷം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയെന്ന് വിദേശകാര്യമന്ത്രി രാജ്യസഭയിൽ അറിയിച്ചു. കഴിഞ്ഞ വർഷം മാത്രം 2,25,620 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. 2011 മുതൽ 16 ലക്ഷത്തിലധികം ഇന്ത്യക്കാർ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചതായി മന്ത്രി വ്യക്തമാക്കി.
പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ വർഷം തിരിച്ചുള്ള കണക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി നൽകി. 12 വർഷത്തിനിടെ 2020ലാണ് ഏറ്റവും കുറഞ്ഞപേർ പൗരത്വം ഉപേക്ഷിച്ചത്( 85,256). 2015ൽ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,31,489 ആയിരുന്നെങ്കിൽ 2016ൽ 1,41,603 പേരും 2017ൽ 1,33,049 പേരും പൗരത്വം ഉപേക്ഷിച്ചു. 2021-ൽ 1,63,370 പേർ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിൽ കുടിയേറി. 2011 മുതൽ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 16,63,440 ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യുഎസ് കമ്പനികൾ പ്രൊഫഷണലുകളെ പിരിച്ചുവിട്ട പ്രശ്നത്തെക്കുറിച്ച് സർക്കാരിന് അറിയാമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഇവരിൽ ഒരു നിശ്ചിത ശതമാനം എച്ച്-1ബി, എൽ1 വിസയിലുള്ള ഇന്ത്യൻ പൗരന്മാരാകാൻ സാധ്യതയുണ്ട്. ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ തൊഴിൽ നഷ്ടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ത്യൻ സർക്കാർ യുഎസ് സർക്കാരിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.