ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി മന്ത്രിക്ക് നേരെ ചൊറിപ്പൊടിയാക്രമണം. ബിജെപിയുടെ വികാസ് രഥയാത്രക്കിടെയായിരുന്നു സംഭവം. പൊതുജനാരോഗ്യ-എഞ്ചിനീയറിംഗ് മന്ത്രി ബ്രജേന്ദ്ര സിംഗ് യാദവിന് നേരെയാണ് യോഗത്തിനിടെ ചൊറിപ്പൊടി എറിഞ്ഞത്. അശോക് നഗർ ജില്ലയിലെ മന്ത്രിയുടെ നിയമസഭാ മണ്ഡലമായ മുംഗവോലിയിലെ ദേവ്‌രാച്ചി ഗ്രാമത്തിലൂടെയാ യാത്ര നടക്കുമ്പോഴാണ് സംഭവം.
ചൊറിച്ചിൽ രൂക്ഷമായതിനെ തുടർന്ന് മന്ത്രി കുർത്ത ഊരിമാറ്റി കുപ്പിവെള്ളത്തിൽ കഴുകി. ചിലർ ഇത് റെക്കോർഡ് ചെയ്ത് വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചു. രണ്ട് ദിവസം മുമ്പ് മറ്റൊരു വികാസ് രഥ് ഖണ്ട്വ ജില്ലയിലെ ഗോഹ്‌ലാരി ഗ്രാമത്തിലൂടെ നീങ്ങുമ്പോൾ വാഹനം റോഡിൽ കുടുങ്ങിയിരുന്നു. സംഭവം ബിജെപി പ്രവർത്തകർ തർക്കത്തിന് കാരണമായി. പ്രദേശത്ത് ഇതുവരെ മൂന്ന് കിലോമീറ്റർ റോഡ് പോലും അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും പിന്നെ എന്തിനാണ് വികാസ് യാത്ര നടത്തുന്നതെന്നും മുൻ സർപഞ്ച് എംഎൽഎയോട് ചോദിച്ചു.
ഞങ്ങൾ കോൺഗ്രസാണ് മോശമെന്ന് കരുതി. പക്ഷേ ബിജെപി കോൺഗ്രസിനേക്കാൾ മോശമാണ്. ഞങ്ങൾക്ക് നല്ല റോഡുകൾ വേണം. അല്ലെങ്കിൽ നിങ്ങൾക്ക് വോട്ട് ചെയ്യില്ലെന്നും മുൻ സർപഞ്ച് വീഡിയോയിൽ പറഞ്ഞു. ഞായറാഴ്ച ഭിന്ദ് ജില്ലയിൽ നിന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് വികാസ് രഥ യാത്രക്ക് ഫ്ലാഗ് ഓഫ് ചെയ്തത്.
ഫെബ്രുവരി 25 വരെ യാത്ര തുടരും. സംസ്ഥാന സർക്കാരിന്റെ വികസന നയം സംസ്ഥാനത്തുടനീളം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വികാസ് യാത്രകൾ സംഘടിപ്പിക്കുന്നത്. ഈ യാത്രകളിൽ സർക്കാർ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവാദം നടത്താനും സർക്കാർ വേദി ഉപയോഗിക്കും.