മുംബൈ: മുംബൈക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിൽ ഇന്ന് പ്രധാനമന്ത്രി രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും.
‘മുംബൈ, പുനെ, നാസിക് സ്വദേശികൾക്കും ശിർദി സായ് ബാബ, ത്രിംബകേശ്വർ വിശ്വാസികൾക്കും സമ്മാനം നൽകിയതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി.’ – അശ്വിനി വൈഷ്ണവ് പറഞ്ഞു.
വന്ദേ ഭാരതിന്റെ പുതിയ വേർഷൻ ട്രെയിനുകളാണ് മുംബൈ-സൊലാപുർ, മുംബൈ -സായ്നഗർ ശിർദി റൂട്ടുകളിലായി സർവീസ് നടത്തുക.
മുംബൈ-സൊലാപുർ ട്രെയിൻ ഒമ്പതാമത് വന്ദേഭാരത് ട്രെയിനാണ്. സൂപ്പർ ഫാസ്റ്റ് ട്രയിനിനേക്കാൾ വേഗത്തിലാണ് വന്ദേഭാരത് സർവീസ് നടത്തുന്നത്. സൂപ്പർ ഫാസ്റ്റ് 7 മണിക്കൂർ 55 മിനുട്ടുകൊണ്ട് പൂർത്തിയാക്കുന്ന യാത്ര വന്ദേഭാരത് 6.30 മണിക്കൂർ കൊണ്ട് പൂർത്തിയാക്കും.
മുംബൈ -സായ്നഗർ ശിർദി 10ാമത് വന്ദേ ഭാരത് ട്രെയിനാണ്. ഇത് ഇന്ത്യയിൽ തന്നെ നിർമിച്ച സെമി ഹൈസ്പീഡ് സെൽഫ് പ്രൊപ്പൽഡ് ട്രെയിനാണ്.