പാലക്കാട്: പാലക്കാട് ഉമ്മിനിയിൽ ആളൊഴിഞ്ഞ വീട്ടിൽ പ്രസവിച്ചുകിടന്ന പുലിയെ ഇതുവരെ പിടികൂടാനായില്ല. വീടിനുള്ളിൽ പുലിക്കൂട് സ്ഥാപിച്ചിട്ടുണ്ട്. പുലിക്കുഞ്ഞുങ്ങൾക്ക് ഡോക്ടർമാരുടെ സാന്നിധ്യത്തിൽ പരിചരണം നൽകി വരികയാണെന്നും വനംവകുപ്പ് അറിയിച്ചു.
വീട്ടിൽ സ്ഥാപിച്ച പുലിക്കൂടിന് സമീപം പുലിയെത്തിയത് 3 തവണയാണ്. ഇന്നലെ രാത്രി 11.4 നും 12..5 നും പുലർച്ചെ 2 മണിയ്ക്കും പുലി എത്തി. ക്യാമറ ട്രാപ്പ് പരിശോധനയിലാണ് പുലിയുടെ ചിത്രം ലഭിച്ചത്. ഇന്നലെ സ്ഥാപിച്ച കൂടിനേക്കാൾ വലിപ്പമുള്ള പുലിയാണ്. ഈ സാഹചര്യത്തിൽ ഇന്ന് വലിയ കൂട് വനം വകുപ്പ് സ്ഥാപിച്ചു. ജനവാസ കേന്ദ്രമായതിനാല്‍ പുലിപ്പേടിയിലാണ് നാട്ടുകാരും.
പത്തു ദിവസം പ്രായമുള്ള പെണ്‍പുലിക്കുഞ്ഞുങ്ങളെയാണ് ഇന്നലെ വീടിനുള്ളില്‍ നിന്നും ലഭിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് പപ്പാടിയിലെ മാധവൻ എന്നയാളുടെ അടച്ചിട്ട വീട്ടിൽ തള്ളപ്പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. നായ വല്ലാതെ കുരക്കുന്നത് കണ്ട് പൊന്നൻ എന്ന അയൽവാസിയാണ് മതിൽ ചാടി കടന്ന് തകർന്ന വീടിന്റെ ജനൽ പാളി തുറന്ന് അകത്തേക്ക് നോക്കിയത്. ആൾ പെരുമാറ്റം കേട്ട പുലി പിൻഭാഗത്തുകൂടി ഓടി മറഞ്ഞു. വൈദ്യ സഹായം ഉറപ്പാക്കിയെങ്കിലും പുലിക്കുഞ്ഞുങ്ങൾക്ക് ഭക്ഷണം നല്‍കുന്നതാണ് പ്രതിസന്ധി. ആട്ടിന്‍ പാല്‍ കുപ്പിയിലാക്കിയാണ് കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.