റിയാദ്: 2027ലെ എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെൻറിനായി വിസ്‌മയ സൗകര്യങ്ങളൊരുക്കാന്‍ സൗദി അറേബ്യ. ടൂര്‍ണമെന്‍റിനായി മൂന്ന് പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കുകയും നാല് സ്റ്റേഡിയങ്ങൾ നവീകരിക്കുകയും ചെയ്യുമെന്ന് സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ(എസ്.എ.എഫ്.എഫ്) അറിയിച്ചു. റിയാദ്, ഖിദ്ദിയ, ദമ്മാം എന്നിവിടങ്ങളിലാണ് എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി നിർമിക്കുന്ന മൂന്ന് പുതിയ സ്റ്റേഡിയങ്ങൾ.
മെട്രോ ട്രെയിനിൽ എളുപ്പത്തിൽ എത്തിച്ചേരാനാവും വിധമായിരിക്കും റിയാദിൽ നിർമിക്കുന്ന സ്റ്റേഡിയം. അതുല്യമായ രൂപകൽപനയിലുള്ളതും ആരാധകര്‍ക്ക് രസകരമായ അനുഭവം പ്രദാനം ചെയ്യുന്നതും ഏറെ കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതുമായ സ്റ്റേഡിയമായിരിക്കും ഇത്. ദമ്മാം സ്റ്റേഡിയമാണ് ഉടൻ നിർമിക്കുന്ന രണ്ടാമത്തേത്. പ്രദേശത്തിന്‍റെ പരിസ്ഥിതിക്ക് അനുയോജ്യമായും ആരാധകര്‍ക്ക് ആകര്‍ഷകമായും ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയമായിരിക്കും ദമ്മാമിലേത്. ഖിദ്ദിയ സ്റ്റേഡിയം സൗദി 2027ൽ ഏഷ്യക്ക് നൽകുന്ന വലിയ സർഗാത്മകമായ സംഭാവനകളിൽ ഒന്നായിരിക്കും.
പുനരുദ്ധരിക്കുന്ന സ്റ്റേഡിയങ്ങളിൽ ട്രാക്ക് നീക്കം ചെയ്യൽ, സീറ്റുകളുടെ എണ്ണം വർധിപ്പിക്കൽ, ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തൽ എന്നിവ ഉൾപ്പെടും. റിയാദിന്‍റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന അമീർ ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയം നിർദ്ദിഷ്ട മെട്രോ സ്‌റ്റേഷന് അടുത്താണ്. റണ്ണിങ് ട്രാക്ക് നീക്കം ചെയ്യൽ, സീറ്റിംഗ് കപ്പാസിറ്റി വർധിപ്പിക്കൽ, സൗകര്യങ്ങൾ വിപുലപ്പെടുത്തൽ തുടങ്ങിയ നവീകരണ പ്രവർത്തനങ്ങൾ ഇവിടെ വൈകാതെ ആരംഭിക്കും.
ഖോബാറിലെ അമീർ സഊദ് ബിൻ ജലാവി സിറ്റി സ്റ്റേഡിയം കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളാനാവുന്ന തരത്തില്‍ നവീകരിക്കും. ദമ്മാമിലെ അമീർ മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ ഇരിപ്പിടശേഷി വർധിപ്പിക്കുക, ട്രാക്ക് നീക്കം ചെയ്യുക തുടങ്ങിയ നവീകരണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. മൂന്ന് നഗരങ്ങളിലെ ഏഴ് സ്റ്റേഡിയങ്ങളിലാണ് ടൂർണമെൻറ് നടക്കുക. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്‍റെ 2027ലെ എഎഫ്‌സി ഏഷ്യൻ കപ്പ് നടത്താനുള്ള കരാർ സൗദി അറേബ്യ അടുത്തിടെയാണ് നേടിയത്. മനാമയിൽ നടന്ന കോൺഫെഡറേഷൻ ജനറൽ കോൺഗ്രസിന്‍റെ 33-ാമത് സെഷനാണ് ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമെടുത്തത്.