ന്യൂഡൽഹി > ഐടി നിയമത്തിലെ വിവാദ ഭേദഗതിയിൽ രാജ്യസഭയില വ്യക്തമായ മറുപടിയില്ലാതെ കേന്ദ്രസർക്കാർ. വ്യാജ വാർത്തകൾ എന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ തരം തിരിക്കുന്ന വാർത്തകൾ ഉടനടി പിൻവലിക്കുവാൻ സാമൂഹ്യമാധ്യമങ്ങളോട് നിർദ്ദേശിക്കുന്നതിനുള്ള അധികാരം നൽകുന്ന നിയമ ഭേദഗതി സംബന്ധിച്ച ജോൺ ബ്രിട്ടാസിന്റെ ചോദ്യങ്ങൾക്കാണ് വ്യക്തമായ മറുപടിയില്ലാത്തത്.
വ്യാജ വാർത്തകളായി പിഐബി വിധിക്കുന്ന ഉള്ളടക്കം ഡിജിറ്റൽ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത് വിലക്കുന്ന നിർദിഷ്ട ഭേദഗതി പരക്കെ വിമർശിക്കപ്പെട്ടിരുന്നു. കേന്ദ്ര നീക്കം സെൻസർഷിപ്പിനു തുല്യമാണെന്നും മാധ്യമസ്വാതന്ത്ര്യനിഷേധമാണെന്നുമുള്ള വിമർശനങ്ങളാണ് പ്രധാനമായും ഉയർന്നിരുന്നത്. ഈ വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നും ഇതിനോടുള്ള പ്രതികരണം എന്തെന്നും എംപി ചോദിച്ചിരുന്നു. എന്നാൽ, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് മറുപടി നൽകിയില്ല. പകരം ഉപയോക്താക്കൾക്ക് ഉത്തരവാദിത്വമുള്ള ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായാണ് നിർദ്ദിഷ്ട ഭേദഗതി എന്നായിരുന്നു വിശദീകരണം.