കോഴിക്കോട് > മെഡിക്കല്‍ കോളേജ് ആശുപത്രിക്കുസമീപം ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ ആരോപണവുമായി കുടുംബം. വയനാട് മേപ്പാടി പാറവയല്‍ കോളനിയിലെ വിശ്വനാഥ(46)ന്റെ മരണത്തിലാണ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരേ പരാതി ഉയര്‍ന്നത്.
ആശുപത്രിയില്‍നിന്ന് വിശ്വനാഥന് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചെന്ന് സുരക്ഷാ ജീവനക്കാര്‍ ആരോപിച്ചിരുന്നതായും തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും ചോദ്യംചെയ്തതായും യുവാവിന്റെ ഭാര്യാമാതാവ് ലീല മാധ്യമങ്ങളോട് പറഞ്ഞു. മോഷണക്കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് കടുത്ത മാനസിക പ്രയാസമുണ്ടായിരുന്നുവെന്നും സംഭവം വിശദമായി അന്വേഷിക്കണമെന്നും ലീല പറഞ്ഞു. പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.