ദുബൈ: തൊഴിലുടമയുടെ വീട്ടില്‍ നിന്ന് ആഭരണങ്ങളും കംപ്യൂട്ടറും വാച്ചുകളും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരുടെ ശിക്ഷ ദുബൈ അപ്പീല്‍ കോടതി ശരിവെച്ചു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം. മോഷണക്കുറ്റം ആരോപിച്ച് തൊഴിലുടമ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തന്റെ ഭാര്യയുടെ കംപ്യൂട്ടറും ടാബ്‍ലറ്റും സ്വര്‍ണവാച്ചും ആഭരണങ്ങളും കാണാതായെന്നായിരുന്നു പരാതിയില്‍ ആരോപിച്ചിരുന്നത്.
വീട്ടിലെ ജോലിക്കാരെയെല്ലാം പരാതിക്കാരന്‍ ചോദ്യം ചെയ്‍തെങ്കിലും അവരെല്ലാം അരോപണങ്ങള്‍ നിഷേധിച്ചു. ഈ സമയം ഒരു വീട്ടുജോലിക്കാരി വാര്‍ഷിക അവധിയില്‍ നാട്ടില്‍ പോയിരിക്കുകയായിരുന്നു. അവരുടെ മുറി കാലിയായിരുന്നെങ്കിലും അത് പരിശോധിക്കാന്‍ വീട്ടുടമ മറ്റ് ജോലിക്കാരോട് ആവശ്യപ്പെട്ടു. അവരാണ് നാട്ടിലേക്ക് അയക്കാന്‍ തയ്യാറാക്കി വെച്ചിരുന്ന മൂന്ന് ബോക്സുകള്‍ അവിടെ കണ്ടെത്തിയത്. മോഷണം പോയ സാധനങ്ങള്‍ അതിലുണ്ടായിരുന്നു.
ഇവ തന്റെ വീട്ടിലെ അഡ്രസില്‍ അയച്ചു തരണമെന്ന് മറ്റൊരു ജോലിക്കാരിയോട് ഇവര്‍ ആവശ്യപ്പെടുകയും അതിനായി പണം ഏല്‍പ്പിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ അവര്‍ നല്‍കിയിട്ടുപോയ തുകയേക്കാള്‍ ഒരുപാട് കൂടുതലായിരുന്നു സാധനങ്ങള്‍ അയക്കാന്‍ വേണ്ടിയിരുന്ന തുക. അതുകൊണ്ടുതന്നെ ഇവ അയച്ചുകൊടുത്തില്ല. നാട്ടില്‍ നിന്ന് ഇവര്‍ പലതവണ തന്റെ സഹപ്രവര്‍ത്തകയെ ഫോണില്‍ വിളിച്ച് എന്ത് കൊണ്ടാണ് പെട്ടികള്‍ അയക്കാന്‍ വൈകുന്നതെന്ന് അന്വേഷിക്കുകയും ചെയ്‍തിരുന്നു.
അവധി കഴിഞ്ഞ് യുഎഇയില്‍ തിരിച്ചെത്തിയപ്പോള്‍ ജോലിക്കാരി അറസ്റ്റിലായി. ചോദ്യം ചെയ്‍തപ്പോള്‍ ഇവര്‍ കുറ്റം നിഷേധിക്കുകയായിരുന്നു. തന്റെ മുറിയില്‍ നിന്ന് കണ്ടെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും പാത്രങ്ങളും മറ്റ് വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും വീട്ടുമയുടെ ഭാര്യയും മകളും തനിക്ക് തന്നതായിരുന്നുവെന്നാണ് ഇവര്‍ വാദിച്ചത്. കേസ് ആദ്യം പരിഗണിച്ച ദുബൈ പ്രാഥമിക കോടതി വീട്ടുജോലിക്കാരിക്ക് ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. ഒപ്പം 2000 ദിര്‍ഹം പിഴയും ഇവര്‍ അടയ്ക്കണം. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇവരെ നാടുകടത്തണമെന്നും ഉത്തരവിലുണ്ട്. കഴിഞ്ഞ ദിവസം അപ്പീല്‍ കോടതിയുടെ ഈ ഉത്തരവ് ശരിവെച്ചു.