ഇടുക്കി: ഇടുക്കിയിലെ എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെ കുറ്റപ്പെടുത്തി കെഎസ്‍യു. വിദ്യാർത്ഥി കുത്തേറ്റ് കിടക്കുമ്പോൾ ആശുപത്രിയിൽ എത്തിക്കാൻ പോലീസ് തയ്യാറായില്ല എന്നുള്ള വിദ്യാർത്ഥികളുടെ ആരോപണം ഗൗരവമുള്ളതാണെന്ന് കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത് ഫേസ്ബുക്കിൽ കുറിച്ചു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വേണ്ടത്ര പോലീസ് ഫോഴ്സിനെ വിന്യസിക്കാൻ കെഎസ്‍യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ സിഐയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടും അതിലും വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ പോലീസിന് സാധിച്ചില്ല.
പോലീസിന്റെ നിഷ്ക്രിയത്വവും ഇത്തരം ഒരു സാഹചര്യം സൃഷ്ടിച്ചുവെന്ന് പറയാതിരിക്കാൻ സാധിക്കില്ലെന്നുമാണ് അഭിജിത്തിന്റെ വാദം. ധീരജ് കൊല്ലപ്പെട്ട സാഹചര്യത്തെ അപലപിക്കുന്നുവെന്നും നീതിയുക്തമായ അന്വേഷണം നടത്തണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു. അതേ സമയം കോളേജിന് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്- ക്രമിനൽ സംഘമാണ് ആക്രമണം നടത്തിയതെന്ന് എസ് എഫ് ഐയും സിപിഎമ്മും ആരോപിക്കുന്നത്. സംഭവത്തിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്.