പെരിന്തൽമണ്ണ: പുതിയ ബജറ്റ് നിർദേശങ്ങൾ സാധാരണക്കാർക്ക് ജീവിതഭാരം ഇരട്ടിയാക്കിയതോടൊപ്പം സംസ്ഥാനത്ത് നല്‍കിവരുന്ന വിവിധ ക്ഷേമ പെന്‍ഷനുകളുടെ തുക വർധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എ.പി. അനില്‍കുമാര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി തദ്ദേശ മന്ത്രി എം.ബി. രാജേഷ് നിയസഭയിൽ അറിയിച്ചു. കുടുംബ വാർഷിക വരുമാനം ലക്ഷം രൂപയിൽ കവിയൽ, സർവിസ് പെൻഷൻ വാങ്ങൽ, ആദായ നികുതി നൽകൽ, അപേക്ഷകനോ കുടുംബത്തിനോ രണ്ടേക്കറിൽ കൂടുതൽ ഭൂമി എന്നിവയിലൊന്നുണ്ടായാൽ പെൻഷൻ കിട്ടില്ല.
2013 ജൂലൈയിലാണ് വാർധക്യകാല പെൻഷൻ പ്രായം 65ൽനിന്ന് 60 ആക്കിയത്. 2014 അവസാനത്തോടെ പെൻഷൻ വിതരണം ബാങ്ക് അക്കൗണ്ട് വഴിയുമാക്കി. കഴിഞ്ഞ പത്തുവർഷമായി സാമൂഹിക സുരക്ഷ പെൻഷൻ വാങ്ങുന്നവർ സംസ്ഥാനത്ത് 39 മുതൽ 42 ലക്ഷം വരെയാണ്. 600 രൂപയായിരുന്ന എല്ലാ സാമൂഹിക സുരക്ഷ പെൻഷനും ഇപ്പോൾ 1600 രൂപയാണ്. ഒാരോ വർഷവും ഈ തുക ചെറിയതോതിൽ വർധിപ്പിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്.