ആലപ്പുഴ: മന്ത്രി പി. രാജീവിനെതിരെ പരസ്യ വിമർശനവുമായി സി.പി.ഐ നേതാക്കൾ. കയർ മേഖലയിലെ പ്രക്ഷോഭത്തിന് മുന്നോടിയായി എ.ഐ.ടി.യു.സി 13 മുതൽ 15 വരെ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സത്യഗ്രഹ സമരത്തിന്‍റെ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തിലായിരുന്നു വിമർശനം.
മന്ത്രിയുടെ നിലപാട് കയർ മേഖലയുടെ പുരോഗതിക്ക് യോജിക്കുന്നതല്ലെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് കുറ്റപ്പെടുത്തി. ഐ.ഐ.ടി വിദഗ്ധരെയും മറ്റ് ചില ആളുകളെയും ഉൾപ്പെടുത്തി നിയമിച്ച സമിതി റിപ്പോർട്ട് വരട്ടെയെന്ന് മന്ത്രി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ടി.വി. തോമസ് മന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ കയർ വ്യവസായ പുനഃസംഘടന പദ്ധതി, വ്യവസായ പുരോഗതിക്ക് അനുയോജ്യമായ രീതിയിൽ നിർദേശങ്ങൾ സമർപ്പിച്ച തച്ചടി പ്രഭാകരന്‍റെയും ആനത്തലവട്ടം ആനന്ദന്‍റെയും റിപ്പോർട്ടുകൾ എന്നിവ നിലവിലുണ്ട്. ഇവ നടപ്പാക്കുകയാണ് വേണ്ടത്.
അതിന് പ്രാധാന്യം കൊടുക്കാതെയാണ് മന്ത്രി പുതിയ സമിതിയെ നിയോഗിച്ചത്. രക്ഷക്ക് പ്രക്ഷോഭമല്ലാതെ മറ്റുമാർഗങ്ങളില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഇടപെടലാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയതുപോലെയാണ് മന്ത്രി രാജീവിന് കയർ വകുപ്പെന്നായിരുന്ന സി.പി.ഐ ജില്ല അസി. സെക്രട്ടറി പി.വി. സത്യനേശന്‍റെ വിമർശനം. കയർ മേഖലയുടെ പുരോഗതിക്ക് ക്രിയാത്മകമായി ഒന്നും അദ്ദേഹം ചെയ്യുന്നില്ല. മുതലാളിമാർ പറയുന്നത് മന്ത്രി അനുസരിക്കുന്നു. മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.