മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം മൂന്നുമാസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു.
ഇതിനായി വിദഗ്ധ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. അത് കഴിഞ്ഞാൽ ഭൂമി ഏറ്റെടുക്കൽ നടപടിയടക്കം ആറുമാസത്തിനകം പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഇക്കാര്യത്തിൽ പ്രദേശത്തെ ജനങ്ങളുടെ വലിയ പിന്തുണയുണ്ടെന്നും മന്ത്രി വിശദീകരിച്ചു. മലപ്പുറത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര വ്യോമയാന മന്ത്രിയുടെ കത്ത് പ്രകാരം വ്യോമയാന മന്ത്രാലയം തന്നെ വിമാനത്താവള വികസനം നടപ്പാക്കുമെന്ന് സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സ്ഥലമേറ്റെടുത്ത് കഴിഞ്ഞാൽ ബാക്കി നിർമാണ പ്രവൃത്തികൾ കേന്ദ്രം നോക്കുമെന്നും വി. അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു. ഭൂമിയേറ്റെടുക്കലിനുള്ള 74 കോടി രൂപ സംസ്ഥാന സർക്കാർ ഭൂ ഉടമകൾക്ക് നേരിട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു.