മുംബൈ: കഴിഞ്ഞ 15 വർഷമായി പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞയാൾ പിടിയിൽ. 38കാരനായ പ്രവീൺ അശുഭ ജദേജയെന്ന 38കാരനാണ് പിടിയിലാത്. മുംബൈയിലെ വസ്ത്രശാലയിൽ സെയിൽസ്മാനായിരിക്കെ ഷോപ്പ് ഉടമയെ കബളിപ്പിച്ച് 40000 രൂപയുമായി മുങ്ങിയ കേസിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങി ഗുജറാത്തിലെ കച്ചിൽ മറ്റൊരു ഐഡന്റിറ്റിയിൽ താമസിക്കുകയായിരുന്നു. രണ്ട് സ്വർണപ്പല്ലുകൾ ഘടിപ്പിച്ചാണ് ഇയാൾ പൊലീസിനെ കബളിപ്പിച്ചത്. പൊലീസിനെ വഞ്ചിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
അറസ്റ്റിലായി കുറച്ച് ദിവസങ്ങൾക്ക് ശേഷം പ്രതിക്ക് ജാമ്യം ലഭിച്ചു. പിന്നീട് പ്രതി ഒളിവിൽ പോയി. നിരവധി തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 2007ൽ ഒരു തുണിക്കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു പ്രവീൺ. ഒരിക്കൽ മറ്റൊരു വ്യാപാരിയിൽ നിന്ന് 40,000 രൂപ വാങ്ങിക്കൊണ്ടുവരാൻ ഉടമ ആവശ്യപ്പെട്ടു. പണം വാങ്ങിയ ശേഷം ബാഗ് മോഷണം പോയെന്ന് പറഞ്ഞ് ഇയാൾ പണം മോഷ്ടിച്ചു. അന്വേഷണത്തിനൊടുവിൽ പണം ഇയാളുടെ കൈവശമുണ്ടെന്ന് പൊലീസിന് വ്യക്തമായി.
തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പൊലീസിന് ഇയാളെക്കുറിച്ച് സൂചന ലഭിച്ചു. സ്വർണപ്പല്ല് വെച്ച് ഇയാൾ പേരുമാറ്റി ഗുജറാത്തിലുണ്ടെന്ന വിവരമാണ് ലഭിച്ചത്. പ്രതിയുടെ മുൻ കൂട്ടാളികളെ ചോദ്യം ചെയ്തപ്പോൾ മാണ്ട്വിയിലെ സബ്‌റായി ഗ്രാമത്തിൽ പ്രവീൺ ഒളിച്ചിരിക്കുന്നതായി മനസ്സിലായി. പൊലീസ് എൽഐസി ഏജന്റായി അഭിനയിച്ച് ഇയാളെ മുംബൈയിലേക്ക് വിളിപ്പിച്ചു.