ഒരു വർഷത്തിലേറെയായി കാണാതായ ഒരു പതിനാലുകാരിയെ മിഷിഗണിലെ ഒരു വീട്ടിലെ വസ്ത്രങ്ങൾ വച്ചിരിക്കുന്ന അലമാരയിൽ കണ്ടെത്തി. ദത്തെടുത്ത കുടുംബത്തിന്റെ അടുത്തു നിന്നുമാണ് കുട്ടിയെ കാണാതായത്. എന്നാൽ, ഒരു വർഷത്തിന് ശേഷം കണ്ടെത്തുമ്പോൾ കുട്ടി ഗർഭിണിയായിരുന്നു. കുട്ടിയുടെ പെറ്റമ്മയാണ് അവളെ തട്ടിക്കൊണ്ടുപോയത് എന്നാണ് കരുതുന്നത്.
പെൺകുട്ടിയെ പാർപ്പിച്ചിരിക്കുന്നതിനെ കുറിച്ച് സൂചനകൾ ലഭിച്ചതിനെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് യുഎസ് മാർഷൽസ് ഫ്യൂജിറ്റീവ് ടീം ഈ വീട്ടിൽ പരിശോധന നടത്തിയത്. മിച്ചിലെ പോർട്ട് ഹുറോണിലെ ഒരു വീട്ടിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഡെട്രോയിറ്റിൽ നിന്ന് ഏകദേശം 60 മൈൽ അകലെയുള്ള വീട്ടിൽ കുട്ടിയെ തിരയാനുള്ള വാറണ്ട് ലഭിക്കുകയായിരുന്നു.
‘അവൾ അലമാരയിൽ വസ്ത്രങ്ങൾക്ക് പിന്നിൽ ഒളിച്ചിരിക്കുകയായിരുന്നു. അവൾ കരയുകയായിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ കുട്ടി ഗർഭിണിയാണ് എന്ന് തിരിച്ചറിയാമായിരുന്നു. അവളെ പുറത്തേക്ക് കൊണ്ടു വന്നു. ഇപ്പോൾ സുരക്ഷിതയാണ്’ എന്ന് പൊലീസ് പറഞ്ഞു.
കുട്ടിയുടെ കസ്റ്റഡി നേരത്തെ തന്നെ അവളുടെ അമ്മയ്ക്ക് നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. തുടർന്ന് വളർത്തു കുടുംബത്തിനൊപ്പമായിരുന്നു കുട്ടി. അമ്മയാണ് കുട്ടിയെ തട്ടിക്കൊണ്ടു വന്നത് എന്നാണ് പ്രാഥമികമായി കരുതുന്നത്. അമ്മയാണ് തട്ടിക്കൊണ്ടുപോയത് എന്ന് തെളിഞ്ഞാൽ അവർക്ക് ഒരു വർഷം തടവിൽ കഴിയേണ്ടിയും $2,000 പിഴ ഒടുക്കേണ്ടിയും വരും. എന്നാൽ, കുട്ടിയെ ആരാണ് ലൈംഗിക ചൂഷണം ചെയ്തത് എന്നോ എങ്ങനെയാണ് കുട്ടി ഗർഭിണി ആയതെന്നോ ഉള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല.
മിഷിഗണിൽ പെൺകുട്ടിയെ കണ്ടെത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സമാനമായ സംഭവത്തിൽ, ഒരു വർഷത്തോളമായി മിസോറിയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളെ ഫ്ലോറിഡയിലെ ഗ്രോസറി സ്റ്റോറിൽ നിന്ന് അവരുടെ അമ്മയോടൊപ്പം കണ്ടെത്തിയിരുന്നു. ഷോപ്പിംഗ് നടത്തുന്നതിനിടെയാണ് 12 വയസ്സുള്ള പെൺകുട്ടിയെയും 11 വയസ്സുള്ള ആൺകുട്ടിയെയും അമ്മയ്ക്കൊപ്പം കണ്ടെത്തിയത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു.












