നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ക്രാൻബെറി അഥവാ ലോലോലിക്ക. പല വീടുകളുടെ മുറ്റത്തും ലോലോലിക്ക ഉണ്ടാകാം. പുളപ്പാണ് ഈ ചുവന്ന ഫലത്തിന്‍റെ രുചിയെങ്കിലും നിരവധി പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മിനറല്‍സ്, നാരുകള്‍ തുടങ്ങിയവ അടങ്ങിയ ക്രാൻബെറി ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ്.
ക്രാൻബെറി കഴിക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു. നിത്യേന ക്രാൻബെറി ജ്യൂസ് കുടിക്കുകയാണെങ്കിൽ മൂത്രാശയ അണുബാധയെ ഒഴിവാക്കാൻ കഴിയുമെന്നും ഗവേഷകർ പറയുന്നു. മൂത്രനാളിയിലെ അണുബാധകള്‍ ചിലപ്പോഴൊക്കെ വൃക്കകളിലെത്തി പ്രശ്നം സൃഷ്ടിക്കാറുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ക്രാന്‍ബെറി ഈ സാഹചര്യം ഒഴിവാക്കുന്നു. കൂടാതെ ഹൃദയത്തിന്‍റെയും ദഹനവ്യവസ്ഥയുടെയും കുടലിന്‍റെയും ആരോഗ്യത്തിന് ക്രാന്‍ബെറി നല്ലതാണ്.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ക്രാന്‍ബെറി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. കൂടാതെ ചര്‍മ്മത്തിന്‍റെയും പല്ലുകളുടെയും ആരോഗ്യത്തിനും ഇവ നല്ലതാണ്. ദിവസേന ലോലോലിക്ക കഴിച്ചാൽ നമ്മുടെ കണ്ണുകൾക്ക് ആരോഗ്യം ലഭിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്രാൻബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. നാരുകള്‍ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും അതോടൊപ്പം ശരീരത്തില്‍ ഫാറ്റ് അടിയുന്നത് തടയാനും സഹായിക്കും.
ശ്രദ്ധിക്കുക: മിതമായ അളവില്‍ മാത്രം എന്തും കഴിക്കുക. അതുപോലെ ഒരു ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.












