നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും (കാർഡിയോ വാസ്ക്കുലാർഡിസീസ്- CVD) മാറി കഴിഞ്ഞു. കൊവിഡ് മഹാമാരിയുടെ ഇക്കാലത്ത് ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു.
ചെറുപ്പക്കാരില്‍ പോലും ഇപ്പോള്‍ ഹൃദ്രോഗം കാണപ്പെടുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയുടെ ഒക്കെ ഫലമാണ് പലപ്പോഴും ഹൃദയത്തെ ബാധിക്കുന്നത്. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യത കൂട്ടാം. അതുകൊണ്ടുതന്നെ ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ അകറ്റാന്‍ ശ്രമിക്കുക.
ഹൃദയത്തിന്‍റെ നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തിലും പ്രത്യേകം ശ്രദ്ധ വേണം. ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി ശരിയായ ഭക്ഷണരീതി പിന്തുടരുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. അതുപോലെ തന്നെ, ഹൃദയാരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ഭക്ഷ്യധാന്യങ്ങളോ, മുഴുധാന്യങ്ങളിളോ കൂടുതലായി കഴിക്കണം. നാരുകള്‍ക്ക് പുറമെ, ഒമേഗ 3 അടങ്ങിയ ഭക്ഷണവും, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക.
പാക്കറ്റ് ഭക്ഷണങ്ങളും ഫ്രൈഡ് ഭക്ഷണങ്ങളും കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും റെഡ് മീറ്റും ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക. സോഫ്റ്റ് ഡ്രിംഗ്‌സ്, ഫാസ്റ്റ് ഫുഡ്, മധുരപലഹാരങ്ങള്‍ തുടങ്ങിയവയെല്ലാം അധികമാകാതെ മിതമായ രീതിയില്‍ കഴിക്കുന്നതാണ് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലത്. അതുപോലെ വെള്ളം ധാരാളം കുടിക്കുക. ഇത് ഹൃദയത്തിന്‍റെയും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ മദ്യപാനം അമിതമായാല്‍, രക്തത്തിലെ ട്രൈഗ്ലിസറൈഡിന്‍റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. അതിനാല്‍ മദ്യപാനവും ഒഴിവാക്കുക.