ബോഡി മോഡിഫിക്കേഷനിലൂടെ സ്വന്തം ശരീരത്തെ പരീക്ഷണ വസ്തു ആക്കി മാറ്റി ബ്രസീലിയൻ സ്വദേശി. ഇയാളുടെ ശരീരത്തിന്റെ 98% -ത്തോളം ഭാഗവും ടാറ്റു കൊണ്ട് നിറഞ്ഞതാണ്. ഇതിനുപുറമേ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പലതരത്തിലുള്ള രൂപമാറ്റങ്ങളും വരുത്തിയിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ഇതാ ആരും ചെയ്യാൻ മടിക്കുന്ന മറ്റൊരു കാര്യം കൂടി സ്വന്തം ശരീരത്തിൽ പരീക്ഷിച്ചിരിക്കുകയാണ് ഇയാൾ. ശസ്ത്രക്രിയയിലൂടെ തൻറെ കൈയെ രണ്ടായി പിളർന്നിരിക്കുകയാണ് ഇയാൾ. മൂന്ന് ശസ്ത്രക്രിയകൾ നടത്തിയാണ് ഇയാൾ തൻറെ ഇടതുകൈയെ രണ്ടായി പിളർന്നത്.
ബ്രസീലിലെ ബൊക്കായുവയിൽ നിന്നുള്ള മാർസെലോ ബി-ബോയ് ഡി സൂസ റിബെയ്‌റോ ആണ് ആരും ചെയ്യാൻ മടിക്കുന്ന പല കാര്യങ്ങളും സ്വന്തം ശരീരത്തിൽ ചെയ്യുന്നത്. തൻറെ ശരീരത്തെ ഒരു ആർട്ട് എക്സിബിഷൻ ആയാണ് ഇയാൾ കരുതുന്നത്. ഉടൻതന്നെ ശസ്ത്രക്രിയയിലൂടെ വലതു കൈയിലെ ചൂണ്ടുവിരലിന്റെ രൂപം പൂർണമായും മാറ്റി മറ്റൊരു രൂപത്തിലേക്ക് മാറ്റുന്നതിനുള്ള ശസ്ത്രക്രിയകൾ നടത്താൻ ഇരിക്കുകയാണ് ഇയാൾ.
പതിനഞ്ചാം വയസുമുതലാണ് റിബെയ്‌റോ ശരീരത്തിൽ ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തി തുടങ്ങിയത്. പിന്നീട് ബോഡി മോഡിഫിക്കേഷൻ തനിക്കൊരു അഡിക്ഷനായി മാറിയെന്നുമാണ് ഇയാൾ പറയുന്നത്. എന്നാൽ എല്ലാവരും ചെയ്യുന്നതുപോലെ ശരീരത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് താൻ ആഗ്രഹിക്കുന്നില്ല എന്നും ശരീരത്തെ എപ്പോഴും ഒരു പരീക്ഷണ വസ്തുവായി കണ്ടുകൊണ്ട് ആരും ചെയ്യാത്ത വിധത്തിൽ ശരീരത്തിൽ എന്ത് ചെയ്യാം എന്നാണ് താൻ ചിന്തിക്കുന്നതെന്നും ഇയാൾ പറയുന്നു. ഇതിനോടകം ശരീരത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നതിനായി 6.32 ലക്ഷം രൂപ ഇയാൾ ചിലവഴിച്ചു കഴിഞ്ഞു.
സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ഇയാൾക്ക് നിരവധി ഫോളോവേഴ്സ് ആണ് ഇൻസ്റ്റാഗ്രാമിൽ അടക്കം ഉള്ളത്. ആളുകൾ തന്നെ കാണുമ്പോൾ ഭയപ്പെടുന്നതിനു പകരം ഇപ്പോൾ തന്നെ കണ്ട് ആസ്വദിക്കുകയാണ് എന്നാണ് ഇയാളുടെ പക്ഷം. ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇതുവരെ തന്നെ സമീപിച്ചിട്ടില്ലെന്നും ലോകത്തിലെ ഏറ്റവും പരിഷ്‌ക്കരിച്ച മനുഷ്യനുള്ള നിലവിലെ ടൈറ്റിൽ ഹോൾഡർ 62 കാരനായ ജർമ്മൻ കാരൻ റോൾഫ് ബുച്ചോൾസാണെന്നും റിബെയ്‌റോ പറഞ്ഞു.