കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സൗത്ത് 24 പർഗാനസ് ജില്ലയിലാണ് സംഭവം. 48കാരിയായ സുചിത്ര മണ്ഡലിന്റെ മൃതദേഹമാണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
ഉരുളക്കിഴങ്ങ് പാടം സന്ദർശിക്കാൻ പോയ സുചിത്രയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. കഴുത്തിൽ ആഴത്തിൽ വെട്ടുകൊണ്ടതിന്റെ പാടുണ്ട്. അജ്ഞാതരായ വ്യക്തികൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൃത്യം നടത്തിയതായാണ് പ്രഥമദൃഷ്ട്യാ ഉള്ള കണ്ടെത്തലെന്ന് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കൊലപാതകകാരണം വ്യക്തമായിട്ടില്ല. സുചിത്ര ദീർഘകാലമായി തൃണമൂൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകയും പ്രദേശത്ത് സ്വാധീനമുള്ള വ്യക്തിയുമായിരുന്നു. കൊലപാതകത്തിന് രാഷ്ട്രീയബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഹൗറ ജില്ലയിൽ ചന്ദ്രപൂർ മേഖലയിലെ ഛത്ര മൊല്ലപ്പാറ പ്രദേശത്ത് താമസിക്കുന്ന ലാൽതു മിദ്യ എന്ന 42 കാരനെയാണ് വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സജീവ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനായിരുന്നു മിദ്യയും. ദിവസങ്ങൾക്കു മുമ്പ് ലാൽതു മിദ്യയെ കാണാതായത്. വീട്ടുകാരും ബന്ധുക്കളും സമീപപ്രദേശത്തൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് സമീപത്തുള്ള കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. സിപിഎം അനുഭാവികളാണ് മിദ്യയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഈ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ പാർട്ടിയുടെ തന്നെ പ്രവർത്തകയെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. മിദ്യയുടെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ സിപിഎം നേതാവ് സുജൻ ചക്രവർത്തി തള്ളിക്കളഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നില്‍ തങ്ങളല്ലെന്നും മിദ്യ കൊല്ലപ്പെട്ടതാണെങ്കിൽ അത് തൃണമൂൽ കോൺഗ്രസിന്റെ വിഭാഗീയതയുടെയും പരസ്പര വൈരാഗ്യത്തിന്‍റെയും ഫലമാണെന്നും ആയിരുന്നു സുജന്‍ ചക്രവര്‍ത്തിയുടെ പ്രതികരണം.