കൊച്ചി: കെ-റെയില്‍ കേരളത്തിന്റെ ഭാവി വികസനം മുന്‍കൂട്ടി കണ്ടുള്ള പദ്ധതിയാണന്ന് ഹൈക്കോടതി. റോഡ് വികസനവും അതുപോലെ ഭാവിയെ കരുതിയാവണമെന്നും കോടതി അഭിപ്രായപ്പെട്ടു.
പരപ്പനങ്ങാടി -തിരൂരങ്ങാടി സെക്ടറില്‍ റോഡ് പന്ത്രണ്ട് മീറ്റര്‍ വീതിയില്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. പരപ്പനങ്ങാടി സ്വദേശികളായ അബു സ്വാലിഹ് കോയ തങ്ങളും മറ്റുമാണ് റോഡ് വീതി കൂട്ടണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
റോഡ് നിര്‍മാണം തടസ്സപ്പെടുത്തരുതെന്ന് കോടതി ഹര്‍ജിക്കാരോട് ഉത്തരവില്‍ നിര്‍ദേശിച്ചു. റോഡ് 12 മീറ്ററാക്കുന്നതിന് ഭൂമി ഏറ്റെടുക്കാനുള്ള നിര്‍ദേശം പൊതുമരാമത്ത് വകുപ്പ് ഈ മാസം 30 ന് മുന്‍പ് സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശം കോടതി രേഖപ്പെടുത്തി. കേസ് ഒരു മാസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.