തിരുവനന്തപുരം: കോന്നി താലൂക്ക് ഓഫീസിലെ വിനോദയാത്രാ വിവാദത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ എംഎൽഎ ജനീഷ് കുമാർ. തനിക്ക് നാടകം കളിക്കേണ്ട കാര്യമില്ലെന്ന് ജനീഷ് കുമാർ പറഞ്ഞു. അവധി വിവാദത്തിൽ ശ്രദ്ധ തിരിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. തന്നെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാർക്കെതിരെയും നടപടി വേണമെന്ന് ജനീഷ് കുമാർ ആവശ്യപ്പെട്ടു.
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയിൽ ഉദ്യോഗസ്ഥരും എംഎൽഎയും തമ്മിലുള്ള വാക്ക് പോര് തുടരുകയാണ്. കെ യു ജനീഷ് കുമാറിന്റെ ഇടപെടൽ മുൻകൂട്ടി തയ്യാറാക്കിയ നാടകമാണെന്ന വിമർശനവുമായി ഡെപ്യുട്ടി തഹസിൽദാർ എം സി രാജേഷ് രംഗത്തെത്തി. ഡെപ്യൂട്ടി തഹസിൽദാരുടേത് പെരുമാറ്റചട്ട ലംഘനമാണെന്നാണ് ജനീഷ് കുമാറിന്റെ മറുപടി. മാധ്യമപ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് താലൂക്ക് ഓഫീസില്‍ എത്തിയത്. അസി. തഹസീല്‍ദാര്‍ കാട്ടിയ കസേരയിലാണ് ഇരുന്നത്. അവിടെ എത്തിയപ്പോള്‍ ഓഫീസില്‍ നിന്ന് ബോക്ക് പഞ്ചായത്തംഗം ക്ഷേഭിച്ച് ഇറങ്ങി വരുന്നുണ്ടായിരുന്നു. അന്വേഷിച്ചപ്പോള്‍ താലൂക്ക് ഓഫീസില്‍ ആളില്ലെന്നും അവിടെ ഉണ്ടായിരുന്നയാള്‍ ക്ഷേഭിച്ച് സംസാരിച്ചുവെന്നും പറഞ്ഞു. ആളില്ലാത്ത ഓഫീസിലേ എത്തുകയുള്ളോ എന്നായിരുന്നു ഉദ്യോഗസ്ഥന്‍റെ ചോദ്യമെന്നും എംഎല്‍എ പറഞ്ഞു. അതേസമയം, തന്‍റെ ഭാഷാപ്രയോഗം അതിരുകടന്നിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.