കൊച്ചി: പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ സൺഡേ സ്കൂൾ അധ്യാപികയടക്കം നാലുപേരെ കോടതി കഠിനതടവിനും രണ്ടുലക്ഷം രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു. കിഴക്കമ്പലം കോളനിപ്പടി അറയ്ക്കൽ അനീഷ (28), പട്ടിമറ്റം ചൂരക്കാട്ട് കര അയ്മനക്കുടി ഹർഷാദ്(ബേസിൽ–-24), കിഴക്കമ്പലം ആലിൻചുവട് തടിയൻവീട്ടിൽ ജിബിൻ(24), തൃക്കാക്കര തേവയ്ക്കൽ മീൻകൊള്ളിൽ ജോൺസ് മാത്യു (24) എന്നിവരെയാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. അനീഷ 32 ഉം ഹർഷാദ് 28ഉം ജിബിൻ 48ഉം ജോൺസ് 12 ഉം വർഷം തടവനുഭവിക്കണമെന്ന് വിധിയിൽ വ്യക്തമാക്കി. പ്രതികൾ രണ്ട് ലക്ഷം രൂപ പിഴയടയ്‌ക്കണം. ഈ തുക പെൺകുട്ടിക്ക് നൽകണം.
2015 ലാണ് പെൺകുട്ടി പീഡനത്തിനിരയായത്. സൺഡേ സ്‌കൂളിൽ മത കാര്യങ്ങൾ പഠിപ്പിച്ചിരുന്ന അനീഷയാണ് മറ്റു പ്രതികൾക്ക് കുട്ടിയെ പരിചയപ്പെടുത്തിയത്. പീഡനദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമക്കേസുകൾ വിചാരണ ചെയ്യുന്ന അഡീഷണൽ സെഷൻസ് (പോക്സോ) കോടതി ജഡ്ജി കെ സോമനാണു പ്രതികളെ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി എ ബിന്ദു ഹാജരായി. തടിയിട്ടപറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ജെ കുര്യാക്കോസാണ് കുറ്റപത്രം സമർപ്പിച്ചത്. പെൺകുട്ടിക്ക് സംസ്ഥാന സർക്കാർ മതിയായ നഷ്‌ട പരിഹാരം നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.