മെക്സിക്കോ സിറ്റി: നിക്കരാഗ്വയിലെ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയെ വിമര്‍ശിച്ച കത്തോലിക്കാ ബിഷപ് റൊളാൻഡോ അൽവാരസിന് 26 വർഷം ജയിൽ ശിക്ഷ. സർക്കാരിനെ വിമർശിച്ചതിനു ദേശദ്രോഹക്കുറ്റം ചുമത്തിയാണ് കഴിഞ്ഞ ഓഗസ്റ്റിൽ റൊളാൻഡോ അൽവാരസിനെ അറസ്റ്റ് ചെയ്തു വീട്ടുതടങ്കലിലാക്കിയത്. ബിഷപ്പിനെ മറ്റ് 222 തടവുകാർക്കൊപ്പം യുഎസിലേക്കുള്ള വിമാനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടർന്നാണ് ബിഷപ്പിനെ മൊഡേലേയിലെ ജയിലിലടച്ചത്.
ജയില്‍ ശിക്ഷ വിധിച്ചതിന് പുറമേ ബിഷപ്പിന്റെ നിക്കരാഗ്വ പൗരത്വവും ഡാനിയൽ ഒർട്ടേഗ റദ്ദാക്കി. ബിഷപ്പിനൊപ്പം അറസ്റ്റിലായ നാല് വൈദികർക്കും മൂന്ന് വൈദിക വിദ്യാർഥികൾക്കും 10 വർഷം വീതം ജയിൽശിക്ഷ വിധിച്ചിട്ടുണ്ട്. രാജ്യദ്രോഹത്തിനും തെറ്റായ വാർത്ത പ്രചരിപ്പിച്ചതിനും ഈ മാസം ഏഴുപേരെയാണ് 10 വർഷത്തെ തടവിന് ശിക്ഷിച്ചത്. ഇവരെയെല്ലാം യുഎസിലേക്ക് മാറ്റി.
അൽവാരസ് ബിഷപ്പായിരുന്ന മറ്റഗൽപ രൂപതയുടെ ഉടമസ്ഥതയിലുള്ള റേഡിയോ, ടിവി സ്റ്റേഷനുകൾ സർക്കാർ പിടിച്ചെടുത്തിരുന്നു. വത്തിക്കാൻ സ്ഥാനപതിയെയും മദർ തെരേസയുടെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി അംഗങ്ങളെയും കഴിഞ്ഞ വർഷം നിക്കരാഗ്വ പുറത്താക്കി ബിഷപ് അൽവാരസിനെ ജയിലിലടച്ച സംഭവത്തിൽ താൻ അത്യധികം വേദനിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രതിവാര പൊതുദർശന ചടങ്ങിൽ പറഞ്ഞു.