തിരുവനന്തപുരം : നയനയുടെ മരണത്തിൽ ആത്മഹത്യ സാധ്യത തള്ളികളയാനാകില്ലെന്ന് മുൻ ഫൊറൻസിക് സർജന്റെ മൊഴി. ക്രൈം ബ്രാഞ്ചിനാണ് ഡോ.ശശികല മൊഴി നൽകിയത്. മരണ കാരണം കഴുത്തിനേറ്റ ക്ഷതമാണ്. നയനയുടെ മൃതദേഹത്തിൽ കഴുത്തിൽ ഉരഞ്ഞ പാടുകളുണ്ടായിരുന്നു. മൃതദേഹത്തിന്റെ സമീപം കണ്ടെത്തിയ പുതപ്പ് ഉപയോഗിച്ച് ഈ പാടുകൾ ഉണ്ടാക്കാം. മൃതദേഹം കിടന്ന മുറി താൻ സന്ദർശിച്ചിരുന്നു. അന്ന് കതകിന്റെ കുറ്റി അൽപ്പം പൊങ്ങിയ നിലയിലായിരുന്നു. നയനക്ക് ആക്സിഫിഷ്യോ ഫീലിയ ഉണ്ടോയെന് അറിയണമെങ്കിൽ നയനയുടെ ജീവചര്യകൾ മുഴുവൻ മനസിലാക്കണം. നയനയുടെ മൃതദേഹം കോൾഡ് ചേമ്പറിൽ കയറ്റുന്നത് 2019 മാർച്ച് 24 ന് പുലർച്ചെ 2.30 നാണ്. ഇതിന് 18 മണിക്കൂർ മുമ്പ് മരണം സംഭവിച്ചു വെന്നും ഡോക്ടറുടെ മൊഴിയിൽ പറയുന്നു.
2019 ഫെബ്രുവരി 23 ന് രാത്രിയാണ് തിരുവനന്തപുരം ആൽത്തറ ജംഗ്ഷനിലെ വാടക വീട്ടിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത കൂടിയത്. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് ഡിസിആർബി അസി.കമ്മീഷണറുടെ പരിശോധനയിലും കണ്ടെത്തിയിരുന്നു.
യുവ സംവിധായക നയന സൂര്യയുടെ മരണം സംബന്ധിച്ച് ആദ്യം അന്വേഷിച്ച സംഘത്തിന്‍റെ വീഴ്ചകൾ പുതിയ അന്വേഷണ സംഘം നേരത്തെ അക്കമിട്ട് പറഞ്ഞിരുന്നു. നയന ഉൾപ്പെടെ അഞ്ച് പേരുടെ ഫോൺ വിശദാംശങ്ങൾ മാത്രമാണ് അന്വേഷണ സംഘം എടുത്തത്. വിശദമായ അന്വേഷണം നടത്തിയില്ല. ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കുറിച്ചും അന്വേഷണമുണ്ടായില്ല. ഇവരുടെ കോൾ വിശദാംശങ്ങള്‍ ശേഖരിച്ചില്ലെന്നും മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ചില്ലെന്നും പുതിയ അന്വേഷണ സംഘം വിമര്‍ശിച്ചിരുന്നു.