കൊച്ചി : കൊച്ചിയിൽ ബസുകളിൽ പരിശോധന കർശനമാക്കി പൊലീസ്. ഇന്ന് നടന്ന പരിശോധനയിൽ മദ്യപിച്ച് ബസ് ഓടിച്ച ആറ് ഡ്രൈവമാരെ കസ്റ്റഡിയിലെടുത്തു. രണ്ട് കെ എസ് ആർ ടി സി ഡ്രൈവർമാരെയും നാല് സ്കൂൾ ബസ് ഡ്രൈവർമാരെയുമാണ് പിടികൂടിയത്. 20 ലേറെ ബസുകളും കസ്റ്റഡിയിലെടുത്തു. അമിതവേഗത അറിയിക്കാൻ ബസുകളിൽ ടോൾ ഫ്രീ നമ്പർ പതിക്കും. ഇന്ന് മുതലാണ് സ്റ്റിക്കർ പതിക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിനിടെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. ഇതിനെ തുടർന്നാണ് കൊച്ചിയിൽ ബസുകളിൽ പരിശോധന കർശനമാക്കിയത്. ഇതിന് പുറമെ ബസുകളുടെ മരണപ്പാച്ചിലിൽ സർക്കാരും ഇടപെട്ടിരുന്നു. ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയും നിശത വിമർശനം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിൽ ഗതാഗത മന്ത്രിയുടെ നതൃത്വത്തിൽ സർക്കാർ യോഗം വിളിച്ചിരുന്നു.
കൊച്ചിയിൽ മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസിടിച്ചാണ് അപകടമുണ്ടായത്. സിഗ്നലിൽ നിന്ന് അമിത വേഗതയിൽ മുന്നോട്ടെടുത്ത ബസ് ഇടത് വശം ചേർന്ന് പോവുകയായിരുന്ന ബൈക്കിലിടിച്ചു. വൈപ്പിൻ സ്വദേശി ആന്‍റണി (46) തത്ക്ഷണം മരിക്കുകയായിരുന്നു. കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിലായിരുന്നു അപകടം.