മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കുന്നതിനെതിരെ ഷാഫി പറമ്പിൽ എം.എൽ.എ. ‘രാജാവിന്’ കരിങ്കൊടി പേടിയാണെങ്കിൽ രണ്ട് വഴിയേ ഉള്ളൂ, ഒന്നുകിൽ ക്ലിഫ് ഹൗസിലിരിക്കാം അല്ലെങ്കിൽ അമിത നികുതി കുറക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പെൺകുട്ടികളെ വരെ കഴുത്തിൽ പിടിച്ച് വലിക്കുന്ന പൊലീസ് രാജ് കൊണ്ട് ഞങ്ങളെ നിശബ്ദരാക്കാം എന്ന് കരുതേണ്ടെന്നും പ്രതിഷേധങ്ങൾ തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
‘രാജാവ്’ സഞ്ചരിക്കുന്ന വഴിയിലുടനീളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടങ്കലിലാക്കുകയാണ്. ഇന്നലെ പെരുമ്പാവൂരിൽ യൂത്ത് കോൺഗ്രസ് രക്തസാക്ഷി അനുസ്മരണവും മണ്ഡലം സമ്മേളനവും തടഞ്ഞ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് പാലക്കാടും ആലത്തൂരിലും വീട് വളഞ്ഞ് വീട്ടുകാരെ പരിഭ്രാന്തരാക്കി കരുതൽ തടങ്കലെന്ന ഓമനപ്പേരിൽ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
‘രാജാവിന്’ കരിങ്കൊടി പേടിയാണെങ്കിൽ രണ്ട് വഴിയേ ഉള്ളൂ. ഒന്നുകിൽ ക്ലിഫ് ഹൗസിലിരിക്കാം അല്ലെങ്കിൽ അമിത നികുതി കുറക്കാം. പെൺകുട്ടികളെ വരെ കഴുത്തിൽ പിടിച്ച് വലിക്കുന്ന പൊലീസ് രാജ് കൊണ്ട് ഞങ്ങളെ നിശ്ശബ്ദരാക്കാം എന്ന് കരുതണ്ട. പ്രതിഷേധങ്ങൾ തുടരും.